പാലപ്പിള്ളി ഹാരിസണ്‍ കമ്പനിയുടെ കളനാശിനി പ്രയോഗം: വിശദീകരണം നല്‍കണം; ആരോഗ്യ വകുപ്പ്
പുതുക്കാട്: പാലപ്പിള്ളി ഹാരിസണ്‍ കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റിലെ കളനാശിനി പ്രയോഗം സംബന്ധിച്ച വിഷത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ വിശദീകരണം നല്കാന് കമ്പനിക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. വരന്തരപ്പിള്ളി ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ റബര്‍ തോട്ടങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടത്. മാരകമായ കളനാശിനി തോട്ടത്തില്‍ പ്രയോഗിച്ചതോടെ കളകള്‍ കരിഞ്ഞുണങ്ങിയതായും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കളനാശിനി പ്രയോഗം നടത്തിയതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തോട്ടങ്ങളിലെ നീര്‍ച്ചാലുകളിലും മുപ്ലി പുഴയിലും കളനാശിനി കലര്ന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്ന രീതിയില്‍ തോട്ടങ്ങളില്‍ കളനാശിനി പ്രയോഗം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഏത് തരത്തിലുള്ള നാശിനിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, നാശിനിയുടെ അളവും,ആരുടെ നിര്‍ദേശപ്രകാരമാണ് കളനാശിനി പ്രയോഗം നടത്തിയതെന്നും ചോദിച്ചുള്ള കത്താണ് ആരോഗ്യ വകുപ്പ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. മറുപടി ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."