കുട്ടനാട്ടില്‍ ഒരു കോടിയുടെ ആശ്വാസവുമായി സംഘടനകള്‍
കുട്ടനാട്: മൈസുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂറല്‍ ലിറ്ററസി ആന്‍ഡ് ഹെല്‍ത്ത് പ്രോഗ്രാം, സ്വിസ്‌ലര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വിസ് സോളിഡാരിറ്റി, ടി.ഡി.എച്ച് ഫൗണ്ടേഷന്‍ ജര്‍മനി എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ കുട്ടനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ആര്‍.എല്‍.എച്ച്.പി പ്രളയദുരിതം കൂടുതല്‍ അനുഭവിച്ച കൈനകരി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, എട്ട്, 14 വാര്‍ഡുകളും ചമ്പക്കുളത്തെ അഞ്ച്, ആറ്, ഏഴ്, 13 വാര്‍ഡുകളുമാണ് പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ മാനസിക ശാരീരിക ഉന്നമനം, ഉപജീവന സഹായ പദ്ധതികള്‍, കുടിവെള്ളം, സാനിട്ടേഷന്‍, മഴവെള്ള സംഭരണികളുടെ നിര്‍മാണം തുടങ്ങി ബൃഹത് പദ്ധതികളാണ് നടപ്പാക്കുന്നത്.
രണ്ട് പഞ്ചായത്തുകളില്‍നിന്നും രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് നേരിട്ട് സഹായം ലഭിക്കും. അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് ഇരുപത് ദിവസം തൊഴില്‍ നല്‍കുന്ന പദ്ധതി. 250 കുടുംബക്കള്‍ക്ക് ടോയ്‌ലെറ്റ് സ്ഥാപിക്കല്‍, 250 കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് നല്‍കല്‍, 45 കുടുംബങ്ങള്‍ക്ക് മത്സ്യബന്ധന വലനല്‍കല്‍, 500 കുടുംബങ്ങള്‍ക്ക് തെങ്ങിന്‍ തൈ, മാവ്, പുളിമര ചെടി എന്നിവ നല്‍കും. പ്രളയദുരിതബാധിതരായ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധരുടെ കൗണ്‍സിലിങ്‌നല്‍കുന്ന പദ്ധതി, ഇരുപത് ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കല്‍, പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ 20 പ്ലംബര്‍മാരുടെ സേവനം തുടങ്ങിയവ നടപ്പാക്കും.
എട്ട് മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ യൂനിറ്റ് പ്രവര്‍ത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ മോണിറ്ററിങ് കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
അര്‍ഹരായവരെ ഈ കമ്മിറ്റിയാകും കണ്ടെത്തുക. വെള്ളപ്പൊക്ക പുനരധിവാസ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം കൈനകരി കാളാശ്ശേരി ഓഡിറ്റോറിയത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് നിര്‍വഹിച്ചു.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജീവ് അധ്യക്ഷയായി.
കുട്ടനാട് തഹസില്‍ദാര്‍ ആന്റണി സ്‌കറിയ, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യൂ പഞ്ഞിമരം, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.വി മിനിമോള്‍, വനിതാ ക്ഷേമ ഓഫിസര്‍ മിനി പോള്‍, ടി.ഡി.എച്ച് ഫൗണ്ടേഷന്‍ ഇന്ത്യന്‍ പ്രതിനിധി അന്നാ ലാസര്‍, ടി.ഡി.എച്ച് ജര്‍മനി, സൗത്ത് ഏഷ്യയുടെ ഡപ്യൂട്ടി റീജിയണല്‍ കോഡിനേറ്റര്‍ പി.ഇ റജി, മൈസൂര്‍ ആര്‍.എല്‍.എച്ച്.പി ഫൗണ്ടര്‍ ജോയി മാളിയേക്കല്‍, മൈസൂര്‍ ആര്‍.എല്‍.എച്ച്.പി സെക്രട്ടറി വി.കെ ജോസ്, ആര്‍.എല്‍.എച്ച്.പി ഡയറക്ടര്‍ സരസ്വതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."