25 ട്രാന്സ്ജെന്ഡറുകള് പത്താംതരം തുല്യതാ പരീക്ഷ എഴുതി
തിരുവനന്തപുരം: പത്താംതരം തുല്യതാ പരീക്ഷയില്‍ 'സമന്വയ' പദ്ധതിയില്‍ സംസ്ഥാനത്ത് പരീക്ഷയെഴുതിയത് മൊത്തം 25 ട്രാന്സ്ജെന്ഡറുകള്. ഇന്നലെ ആരംഭിച്ച പരീക്ഷ 28ന് അവസാനിക്കും. സംസ്ഥാനത്ത് മൊത്തം 17,242 പേരാണ് പത്താംതരം തുല്യതാ പരീക്ഷയെഴുതുന്നത്.
കൊല്ലത്താണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കള്‍ പരീക്ഷയെഴുതുന്നത്(9). കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലായി രണ്ട് പേര് വീതവും പരീക്ഷയെഴുതുന്നു. പത്തനംതിട്ട, ഇടുക്കി, കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ പരീക്ഷയെഴുതാന്‍ ഈ വിഭാഗത്തില്‍ നിന്നും ഒരാള്‍ വീതം ഉണ്ട്. തലസ്ഥാന ജില്ലയില്‍ ആറുപേരും പരീക്ഷയെഴുതി. സമന്വയ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്ത് 145 ട്രാന്സ്ജെന്ഡറുകളാണ് സാക്ഷരതാമിഷന്റെ നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ വിഭാഗങ്ങളിലായി പഠനം നടത്തിവരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സാക്ഷരതാമിഷന്‍ സംസ്ഥാനത്ത് നടത്തിയ സര്‍വേയില്‍ 918 ട്രാന്‍സ് ജെന്‍ഡറുകള്‍ തുടര്‍പഠനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നു.
പഠനസന്നദ്ധത അറിയിച്ച മുഴുവന്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ഘട്ടംഘട്ടമായി തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ട്രാന്‍സ് ജെന്‍ഡര്‍ പഠിതാക്കള്‍ക്കായി സാക്ഷരതാമിഷന്‍ സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."