സിറിയയില്‍ വീണ്ടും യുദ്ധഭീതി
അങ്കാറ: വടക്കുകിഴക്കന്‍ സിറിയയില്‍ അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദ് സേനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം തുര്‍ക്കി ആരംഭിച്ച സൈനിക നീക്കം തുടരുന്നു. അതിര്‍ത്തി മേഖലയില്‍നിന്നു കുര്‍ദുകളെ നീക്കം ചെയ്യണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും തുര്‍ക്കി വഴങ്ങിയിട്ടില്ല. ഇതോടെ സിറിയയില്‍ വീണ്ടും യുദ്ധഭീതി കനക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയാണ് തുര്‍ക്കി സൈനിക നീക്കം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അമേരിക്ക പിന്തുണയ്ക്കുന്ന കുര്‍ദ് സൈനികരില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കുര്‍ദുകളെ തീവ്രവാദികളായി കണക്കാക്കുന്ന തുര്‍ക്കി, ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാക്കിയത്.
വ്യോമാക്രമണവും നേരിട്ടുള്ള സൈനിക നടപടിയുമാണ് തുര്‍ക്കി നടത്തുന്നത്. പ്രദേശത്തു കനത്ത ആക്രമണം നടക്കുന്നതായി കുര്‍ദുകളും സ്ഥിരീകരിച്ചിട്ടുണ്ട്. പതിനായിരക്കണക്കിനു പേര്‍ സ്വന്തം വീടുകളില്‍നിന്നു പലായനം ചെയ്തതായാണ് വിവരം. രണ്ടു കുട്ടികളടക്കം ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി കുര്‍ദിഷ് റെഡ്ക്രസന്റ് സ്ഥിരീകരിച്ചു. തുര്‍ക്കി അതിര്‍ത്തിയിലേക്കു സിറിയയില്‍നിന്നുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തില്‍ ഒന്‍പതു മാസം പ്രായമായ കുഞ്ഞടക്കം ആറുപേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ തുര്‍ക്കിക്കെതിരേ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇംഗ്ലണ്ട്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, പോളണ്ട് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപരോധമടക്കമുള്ള ഭീഷണികളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. കുര്‍ദുകളെ കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തുര്‍ക്കി അബാസിഡറെ വിളിച്ചുവരുത്തിയായിരുന്നു ഫ്രാന്‍സിന്റെ പ്രതിഷേധം.
നിലവിലെ പ്രശ്‌നത്തിന് അമേരിക്കയാണ് കാരണക്കാരെന്നു വ്യക്തമാക്കിയ റഷ്യ, വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. തുര്‍ക്കി സൈനിക നീക്കം നിര്‍ത്തണമെന്നായിരുന്നു ഇറാന്‍ ആവശ്യപ്പെട്ടത്. ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും സൈനിക നടപടിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് നാളെ അടിയന്തര യോഗം ചേരും. ഈജിപ്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം ചേരുന്നത്.
തെറ്റിദ്ധാരണ പരത്തരുതെന്ന് തുര്‍ക്കി
അങ്കാറ: സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നീക്കം 'സുരക്ഷിത മേഖല' എന്ന ഉദ്ദേശ്യംവച്ചുള്ളതാണെന്നും ഇതേക്കുറിച്ച് ലോകരാജ്യങ്ങള്‍ തെറ്റിദ്ധാരണ പരത്തരുതെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. കുര്‍ദുകളുടെ ആക്രമണം കാരണം പലായനം ചെയ്ത 3.6 മില്യന്‍ സിറിയക്കാര്‍ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുïെന്നും ലോകരാജ്യങ്ങള്‍ ഇനിയും തുര്‍ക്കിയെ വിമര്‍ശിക്കുകയാണെങ്കില്‍ അതിര്‍ത്തി തുറന്ന് ഇവര്‍ക്കു യൂറോപ്പിലേക്കു പ്രവേശിക്കാനുള്ള വഴിയൊരുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആരംഭിച്ച സൈനിക നടപടിയില്‍ 109 'തീവ്രവാദികള്‍' കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."