സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഹരജി
കൊച്ചി: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ പെണ്‍കുട്ടിയെ സംഘ്പരിവാറുകാര്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരുടെ പിടിയില്‍നിന്ന് പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. തനിക്കെതിരേ പെണ്‍കുട്ടിയെ കൊണ്ടു മൊഴി നല്‍കിച്ച് സംഘ്പരിവാറുകാര്‍ ഭീഷണിപ്പെടുത്തി ഉപദ്രവം നടത്തുകയാണെന്നു ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിയാമെന്നും കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശിയായ അയ്യപ്പദാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
സ്വാമി ഗംഗേശാനന്ദയുടെ ഒരു ഹോട്ടല്‍ അയ്യപ്പദാസ് നോക്കി നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി അടുപ്പമുണ്ടായിരുന്ന സ്വാമി ഈ ബന്ധം മുതലെടുത്താണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് തളര്‍ന്നു കിടപ്പിലായതിനാല്‍ സ്വാമിക്ക് വീട്ടില്‍ ഏറെ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.
മെയ് 19ന് രാത്രി 11.30ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആത്മരക്ഷാര്‍ത്ഥം പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലിസില്‍ നല്‍കിയ മൊഴി പെണ്‍കുട്ടി പിന്നീട് മജിസ്‌ട്രേറ്റ് മുന്‍പാകെയും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണം പുരോഗമിക്കുന്നതിനിടെ സംഘ്പരിവാറുകാര്‍ ഗൂഢാലോചന നടത്തി ബലമായി പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് നെടുമങ്ങാട് നെട്ടാറച്ചിറയിലേക്ക് മാറ്റി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കേസില്‍ തന്നെക്കൂടി പ്രതിയാക്കുന്ന തരത്തില്‍ അഭിഭാഷകന് കത്തെഴുതിച്ചു.
പൊലിസിലും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിക്കു വിരുദ്ധമായാണ് കത്തെഴുതിയത്. മാത്രമല്ല, സ്വാമിയുടെ അഭിഭാഷകനെ ഫോണില്‍ വിളിപ്പിച്ചും മൊഴി നല്‍കി. പെണ്‍കുട്ടിയെ അനധികൃത തടങ്കലില്‍നിന്ന് രക്ഷിക്കാന്‍ അപേക്ഷിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും മാതാപിതാക്കളുടെ അറിവോടെയാണ് പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."