തൊഴില്‍പ്രശ്‌നം: സഊദി തൊഴില്‍ അധികൃതര്‍ക്കൊപ്പം വി.കെ സിങ് ലേബര്‍ ക്യാംപ് സന്ദര്‍ശിച്ചു
റിയാദ്: സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ലേബര്‍ ക്യാംപ് സന്ദര്‍ശനം. സഊദി ലേബര്‍ മന്ത്രാലയം മക്ക മേഖലാ ഓഫിസ് മേധാവി അബ്ദുല്ല ഉല്‍യാന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പമാണ് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും സംഘവും ലേബര്‍ ക്യാംപ് സന്ദര്‍ശനം നടത്തിയത്. ദുരിതം നേരിടുന്ന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു സന്ദര്‍ശനം.
വ്യാഴാഴ്ച വൈകീട്ടാണ് മക്ക റോഡിലെ ശുമൈസി ക്യാംപില്‍ മന്ത്രി വി.കെ സിങ്, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ സഊദി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം എത്തിയത്. ഇവരെ വരവേറ്റ തൊഴിലാളികള്‍ക്ക് ഇവരുമായി കൂടിക്കാഴ്ച നടത്താനും അവസരം നല്‍കി.
ആവശ്യമായവര്‍ക്കുള്ള സൗജന്യ തൊഴില്‍ മാറ്റം, സൗജന്യമായുള്ള താമസരേഖ പുതുക്കല്‍, തിരിച്ചു വരാനുള്ള നിയമതടസ്സം, രേഖകള്‍ സുരക്ഷിതത്വം, കിട്ടാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭ്യമാവുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് സഊദി തൊഴില്‍ വകുപ്പ് മേധാവി തന്നെ നേരിട്ട് മറുപടി നല്‍കി. തങ്ങള്‍ക്കനുകൂല വിഷയങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളി പ്രതിനിധികളുമായി മന്ത്രിയും സംഘവും ഒന്നര മണിക്കൂറോളം സംസാരിച്ചു.
കഴിഞ്ഞ ദിവസം സഊദി തൊഴില്‍ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രി തൊഴിലാളികളെ നേരിട്ടറിയിച്ചു. ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഇഖാമ ഉള്‍പെടെ രേഖകള്‍ പുതുക്കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും സഊദി തൊഴില്‍ മന്ത്രാലയം സൗകര്യം ചെയ്തു തരുമെന്ന് മന്ത്രി പറഞ്ഞു. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് കോണ്‍സുലേറ്റ് സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."