സിറിയയില്‍ തുര്‍ക്കി തുടരുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അറബ് ലീഗ്
ജിദ്ദ: സിറിയയില്‍ തുര്‍ക്കി തുടരുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അറബ് വിദേശമന്ത്രിമാര്‍. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗം ആക്രമണത്തെ അപലപിച്ചു. അടിയന്തരമായി സൈനികനടപടി നിര്‍ത്തിവയ്ക്കണമെന്ന് സഊദി വിദേശ സഹമന്ത്രി ആദെല്‍ അല്‍ ജുബൈര്‍. തുര്‍ക്കി സൈനിക നടപടി ഉടനടി അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുര്‍ക്കി സൈനിക നടപടി അങ്ങേയറ്റം ഭീഷണിയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ ആക്രമണമാണ്. സിറിയയുടെ അഖണ്ഡതക്കും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും എതിരായ തുര്‍ക്കി ആക്രമണത്തെ സഊദി അറേബ്യ അപലപിക്കുന്നു.
തുര്‍ക്കി സൈനിക നടപടി മേഖലാ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണ്. ഇത് മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയെ പ്രതികൂലമായി ബാധിക്കും. വടക്കു കിഴക്കന്‍ സിറിയയില്‍ ഐ.എസ് ഭീകരരെ ചെറുക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കി സൈനിക നടപടി തുരങ്കം വെക്കും. കൂടാതെ സിറിയയില്‍ മാനുഷിക ദുരിതങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതിനും തുര്‍ക്കി സൈനിക നടപടി ഇടയാക്കും.
സഊദി അറേബ്യ സിറിയന്‍ ജനതക്കൊപ്പം നിലയുറപ്പിക്കും. സിറിയയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കപ്പെടണം എന്നതാണ് തങ്ങളുടെ നിലപാട്. സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനെ പിന്തുണക്കുന്നതിന്റെ ഭാഗമായി സിറിയയില്‍ ഭരണഘടനാ കമ്മിറ്റി രൂപീകരിച്ചതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തീരുമാനങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എന്‍ നടത്തുന്ന മുഴുവന്‍ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
സിറിയയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് തുര്‍ക്കി തുടരുന്ന ആക്രമണം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ അന്താരാഷ്ട്രസമൂഹം തയ്യാറാകണമെന്ന് യുഎഇ വിദേശ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു. വിജയകരമായ രാഷ്ട്രീയപരിഹാരത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറബ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഏതൊരു കൈയേറ്റത്തെയും നിരാകരിക്കുന്നതായി ബഹ്‌റൈന്‍ വിദേശമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി. സിറിയക്കെതിരായ ആക്രമണത്തെ നിരാകരിക്കുന്നതായി ലെബനീസ് വിദേശമന്ത്രി ജെബ്രാന്‍ ബാസസില്‍ പറഞ്ഞു. ആക്രമണം സങ്കീര്‍ണമാക്കുമെന്ന് തുണീഷ്യന്‍ വിദേശമന്ത്രി ഖമൈസ് ജിനോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."