പേങ്ങാട്ടിരി-കൊപ്പം പാതയില്‍ റോഡിന് സുരക്ഷാ ഭിത്തിയില്ല
കൊപ്പം: പേങ്ങാട്ടിരി-കൊപ്പം പാതയില്‍ വണ്ടുംതറയില്‍ റോഡിന് സുരക്ഷഭിത്തി നിര്മിക്കണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ജുമാ മസ്ജിദിന് സമീപം കാര്‍ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ പ്രദേശത്തെ റോഡിന്റെ ഇരുവശവും താഴ്ന്നും വീതികുറഞ്ഞതുമായത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട് വീതികുറഞ്ഞ റോഡില്‍ റോഡിന്റെ അതിര് നിര്‍ണയിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയാതെ പോകുന്നതും വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ കാരണമാകുന്നു.
വളാഞ്ചേരിയില്‍നിന്ന് പാലക്കാട്ടേക്കുള്ള എളുപ്പ മാര്‍ഗമായ ഈ റോഡ് അരനൂറ്റാണ്ട് മുന്‍പ് നിര്‍മിച്ച സമയത്തുള്ള വീതിയാണ് വണ്ടുംതറയില്‍ ഇപ്പോഴുമുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. വീതി കുറവിനൊപ്പം സുരക്ഷാഭിത്തികള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട് ദൂരദിക്കുകളില്‍നിന്നും പരിചയമില്ലാതെ എത്തുന്ന വാഹനങ്ങള്‍ മുളയങ്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന് തുടങ്ങുന്ന കുത്തനെയുള്ള ഇറക്കമിറങ്ങി എത്തുന്നതോടെയാണ് അപകടത്തില്‍ പെടുന്നത് വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഈ പ്രദേശത്തെ റോഡിന് ഇരുവശവും സുരക്ഷാ ഭിത്തിയെങ്കിലും നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കൊപ്പം-പേങ്ങാട്ടിരി 10 കിലോമീറ്റര്‍ പാതയുടെ കൂടുതല്ഭാഗവും വയലിനു നടുവിലൂടെയാണ് കടന്ന് പോകുന്നത്. കുലുക്കല്ലൂര്‍ റെയില്‍വേ ഗേറ്റ് മുതല്‍ പേങ്ങാട്ടിരി വരെ പാത പൂര്‍ണമായും വയലിന് നടുവിലാണ്. ഇവിടെ ഒരു സ്ഥലത്തും സുരക്ഷാഭിത്തി കെട്ടിയിട്ടില്ല. എഴുവന്തലയില്‍ ഇതുകാരണം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും ഭാഗ്യംകൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്നത്. അത്യാഹിതത്തിന് കാത്തുനില്‍ക്കാതെ ഈ പാതയില്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ കൈകൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."