2000 രൂപയുടെ നോട്ടടി നിര്‍ത്തി; ഈ വര്‍ഷം ഒന്നും പ്രിന്റ് ചെയ്തില്ല
ന്യൂഡല്‍ഹി: 2016 ലെ നോട്ടുനിരോധനത്തിനു ശേഷം പുതുതായി ഇറക്കിയ 2000 രൂപാ നോട്ടുകളുടെ പ്രിന്റിങ് നിര്‍ത്തിവച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ലഭ്യമായ ആര്.ബി.ഐ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
2016 നവംബര്‍ 8ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ 2000 രൂപാ നോട്ട് വിപണിയിലെത്തിച്ചത്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന പ്രചാരണം ഈയിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. അതേസമയം, അതു വ്യാജ വാര്‍ത്തയാണെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ വിശദീകരണം.
എ.ടി.എമ്മുകളില്‍ നിന്ന് 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് പത്രം ഇതു സംബന്ധിച്ച അന്വേഷണത്തിനു മുതിര്‍ന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷമാകട്ടെ ഇതിന്റെ അഞ്ചു ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വലിയ മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോട്ടുനിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഒരു ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 1000 രൂപയുടെ നോട്ട് പിന്‍വലിച്ചത്. എന്നാല്‍ അന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഉടന്‍ തന്നെ 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."