വട്ടിയൂര്‍ക്കാവില്‍ ആഞ്ഞുപിടിച്ച് മുന്നണികള്‍
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ വിജയം നേടാന്‍ മുന്നണികള്‍ കഠിന പരിശ്രമത്തില്‍. കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലായി മാറിയെങ്കിലും പരമാവധി വോട്ടുകള്‍ നേടുന്നതിനുള്ള അശ്രാന്തപരിശ്രമമാണ് ബി.ജെ.പിയും മണ്ഡലത്തില്‍ നടത്തുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാരമ്യതയിലേക്കുയര്‍ന്നതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇടമില്ലാതായി മാറിയിരിക്കുകയാണ്. സ്ഥാനാര്‍ഥികളെ മാത്രം കേന്ദ്രീകരിച്ചും അവരുടെ മേന്മകള്‍ എണ്ണിപ്പറഞ്ഞുമുള്ള വോട്ട്പിടിത്തമാണ് ഇപ്പോള്‍ നടക്കുന്നത്. ജാതി സമവാക്യങ്ങള്‍ ഏറെ സ്വാധീനിക്കപ്പെടുന്ന മണ്ഡലമെന്ന നിലയില്‍ വട്ടിയൂര്‍ക്കാവില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും സമുദായ കേന്ദ്രങ്ങളെ സ്വാധീനിക്കാനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാണ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ അഞ്ചു ദിവസംകൂടിയേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ വാഹനപര്യടനത്തിലേക്ക് കടന്നിട്ടുണ്ട്. മാത്രമല്ല പരമാവധി നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നിലനിര്‍ത്തുന്നതിനും മൂന്നു മുന്നണികളും ശ്രമിക്കുന്നുണ്ട്. മണ്ഡലത്തില്‍ ഏറെ സാധ്യതകല്‍പ്പിക്കുന്ന സ്ഥാനാര്‍ഥിയായ യു.ഡി.എഫിന്റെ കെ. മോഹന്‍കുമാറിന്റെ പ്രചാരണം അഞ്ചാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. സ്ഥാനാര്‍ഥി മണ്ഡല പര്യടനം നടത്തുമ്പോള്‍ കെ.സി വേണുഗോപാല്‍, കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ്, കെ.എസ് ശബരീനാഥന്‍, ജി. ദേവരാജന്‍ തുടങ്ങി വിവിധ നേതാക്കള്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.
ഇതിനൊപ്പം പ്രാദേശിക നേതാക്കള്‍ കോര്‍ണര്‍ മീറ്റിങ്ങുകളും ശക്തമാക്കുന്നുണ്ട്. എതിരാളിയുടെ കരുത്തു തിരിച്ചറിഞ്ഞ് വ്യക്തിപരമായ ആക്രമണത്തിലേക്കുവരെ കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവില്‍ എത്തിയെന്നതും ശ്രദ്ധേയമാണ്. സി.പി.എം സ്ഥാനാര്‍ഥിയായ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തില്‍നിന്നു കടുത്ത വെല്ലുവിളിയാണ് മോഹന്‍കുമാറിനുള്ളത്.
മേയറെന്ന നിലയില്‍ കഴിഞ്ഞ നാലുവര്‍ഷക്കാലം കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും പ്രചാരണ ആയുധമാക്കിയാണ് ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം.
ചെറുപ്പക്കാരുടെ പ്രതീകമായി പ്രശാന്തിനെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തില്‍ ഇടതുപക്ഷം നേടിയ മുന്‍തൂക്കം യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും അങ്കലാപ്പിലാക്കുന്നുണ്ട്. മണ്ഡലത്തിലെ തുടര്‍ച്ചയായ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയാതെപോകുമോയെന്ന ആശങ്കയാണ് പ്രശാന്തിനെതിരേ കോണ്‍ഗ്രസിന്റെ പുതിയ ആരോപണങ്ങള്‍ക്കു പിന്നിലുള്ളതെന്നും പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ പ്രതീക്ഷയില്ല. എങ്കിലും ഒരു പോരാട്ടമെങ്കിലും കാഴ്ചവയ്ക്കാനുള്ള ശ്രമം അവസാനഘട്ടത്തില്‍ അവരുടെ ഭാഗത്തുനിന്നുണ്ട്. അവസാനഘട്ടത്തില്‍ ആര്‍.എസ്.എസ് പ്രചാരണരംഗത്തെത്തിയതാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ എസ്. സുരേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍വയ്ക്കാന്‍ കാരണമായത്. പരമാവധി വോട്ടര്‍മാരുമായി സംവദിക്കാനാണ് സുരേഷ് ശ്രമിക്കുന്നത്.
നായര്‍ വോട്ടര്‍മാര്‍ അധികമായുള്ള മണ്ഡലത്തില്‍ ശബരിമല വിഷയവും സ്ഥാനാര്‍ഥിയുടെ സുദായവുമെല്ലാം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്.
കൂടുതല്‍ വോട്ടര്‍മാര്‍ നായര്‍ സമുദായക്കാരാണെങ്കിലും തൊട്ടുപിറകിലായി ക്രൈസ്തവ വോട്ടര്‍മാരുമുണ്ട്. മൂന്നാം സ്ഥാനത്ത് ഈഴവ വിഭാഗവും വരുമ്പോള്‍ വളരെ കുറച്ച് വോട്ട് മാത്രമാണ് മറ്റു സമുദായക്കാര്‍ക്കുള്ളത്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ക്കൊപ്പം നായര്‍ വോട്ടുകളുടെ കേന്ദ്രീകരണവും സര്‍ക്കാര്‍ വിരുദ്ധ വികാരവും വോട്ടായി മാറുമ്പോള്‍ കെ. മോഹന്‍കുമാറിന്റെ വിജയം സുനിശ്ചിതമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."