ജയേഷ് ജോര്‍ജിന്റെ പദവി കേരളത്തിന് അംഗീകാരം
കൊച്ചി: ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എതിരില്ലാതെ ബി.സി.സി.ഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതോടെ മറ്റു സ്ഥാനങ്ങളിലും നാമനിര്‍ദേശപത്രിക നല്‍കിയവരും എതിരില്ലാതെ വിജയികളായി മാറിയിരിക്കുകയാണ്. എസ്.കെ നായര്‍, ടി.സി മാത്യു എന്നിവര്‍ക്ക് ശേഷം ജയേഷ് ജോര്‍ജ് ബി.സി.സി.ഐ ഭാരവാഹിയാകുന്നതോടെ കേരളത്തിന് ലഭിച്ച അംഗീകാരമായി ഇതുമാറി.
ക്രിക്കറ്റ് രംഗത്ത് പടിപടിയായി ഉയര്‍ന്നുവന്ന വ്യക്തിത്വമാണ് ജയേഷ് ജോര്‍ജിന്റേത്. എറണാകുളം സ്വാന്റന്‍സ് ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി തുടക്കം കുറിച്ച ജയേഷ് അടുത്തിടെയാണ് വിവാദങ്ങള്‍ക്കൊടുവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2005ല്‍ എറണാകുളം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായാണ് ജയേഷിന്റെ ക്രിക്കറ്റ് ഭരണനേതൃത്വത്തിലേക്കുള്ള കടന്നുവരവ്.
തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ച ജയേഷ് 2017 ല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തു. കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ സംഘാടകനായിരുന്ന ജയേഷ് ജോര്‍ജ് 2014ല്‍ ആസ്‌ത്രേലിയന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമിന്റെ മാനേജരായിരുന്നു. 2013ല്‍ ന്യൂസിലന്‍ഡ് എ ടീമിന്റെ ഇന്ത്യന്‍ പര്യടന വേളയിലും ജയേഷ് ഇന്ത്യന്‍ എ ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. ബി.സി.സി.ഐ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ടി.സി മാത്യുവിന്റെ മേധാവിത്വം തകര്‍ത്താണ് ജയേഷ് അസോസിയേഷന്‍ തലപ്പത്തേക്ക് എത്തിയത്.
ഗാംഗുലി അധ്യക്ഷനായ സമിതിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേരളത്തിലേക്ക് കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജയേഷ് പറഞ്ഞു. മിന്ന ജയേഷാണ് ഭാര്യ. ജോര്‍ജ് എം. ജയേഷ്, മാത്യു എം. ജയേഷ് മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."