തഹസില്‍ദാര്‍ ജയശ്രീയെ കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു
നടപടി വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായി
കോഴിക്കോട്: ജോളിയുടെ അടുത്ത സുഹൃത്ത് തഹസില്‍ദാര്‍ ജയശ്രീക്കെതിരേ വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി താമരശ്ശേരി തഹസില്‍ദാര്‍ ആയ ജയശ്രീയെ കോഴിക്കോട് കലക്ടറേറ്റില്‍ വിളിച്ച് വരുത്തി മൊഴിയെടുത്തു. റവന്യൂ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ സി.ബിജുവാണ് ജയശ്രീയില്‍ നിന്ന് മൊഴിയെടുത്തത്. ഇന്നലെ കാലത്ത് 10 ഓടെ കോഴിക്കോട് കലക്ടറേറ്റിലെ പൊലിസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ ഏഴാം നമ്പര്‍ മുറിയിലായിരുന്നു മൊഴിയെടുപ്പ്. ഇതിന് ശേഷം പുറത്തിറങ്ങിയ ജയശ്രീ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. ജോളി ചതിച്ചതാണോ എന്ന ചോദ്യത്തിന് പറയാനുള്ളതെല്ലാം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് മാത്രമായിരുന്നു ജയശ്രീയുടെ പ്രതികരണം. ഡെപ്യൂട്ടി കലക്ടറുടെ മൊഴിയെടുക്കലിന് ശേഷം 1.45 ഓടെ ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവുവിന്റെ കാബിനിലെത്തി. ഒന്നര മണിക്കൂറോളം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടര്‍ ചോദിച്ചറിഞ്ഞു. ഇതിന് ശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ജയശ്രീക്കെതിരേ അന്വേഷണത്തിന് റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കോഴിക്കോട് കലക്ടര്‍ വി.സാംബശിവ റാവുവിനോട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയശ്രീയുടെ മൊഴിയെടുത്തത്. ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."