മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഇനി സൗന്ദര്യ വര്‍ധക ചികിത്സയും
മലപ്പുറം: നിറം കൂട്ടല്‍ മുതല്‍ വെല്ലുവിളിയായ വെള്ളപാണ്ടു വരെ ചുരുങ്ങിയ ചെലവില്‍ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സിച്ചു ഭേദമാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൗന്ദര്യ വര്‍ധക വിഭാഗത്തിലുള്ള എല്ലാ സൗകര്യങ്ങളും മലപ്പുറത്തും ആരംഭിക്കാനാണു തീരുമാനം. മെഡിക്കല്‍ കോളജില്‍ ലഭ്യമല്ലാത്ത കാക്കപ്പുള്ളി ചികിത്സ, കലകള്‍ നീക്കം ചെയ്യല്‍ ചികിത്സ എന്നിവകൂടി ഇവിടെയുണ്ടാകും. ആശുപത്രിയില്‍ നേരത്തേ തന്നെയുള്ള ഡെര്‍മറ്റോളജി വിഭാഗം ഡോക്ടറാണു ചികിത്സ നല്‍കുക. താലൂക്കാശുപത്രി ഒ.പി വിഭാഗത്തിലാണു പുതിയ ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതോടെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ സൗന്ദര്യ വര്‍ധക ചികിത്സ ലഭിക്കുന്ന ആദ്യ താലൂക്കാശുപത്രിയെന്ന പദവിയിലേക്ക് ഉയരും.
സൗന്ദര്യ വര്‍ധക ചികിത്സ തുടങ്ങുന്നതിനായി ഡോക്ടറും സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു യുവജന ക്ലബ്ബും രണ്ടു സ്വകാര്യ സ്ഥാപനങ്ങളുമാണു സൗന്ദര്യ വര്‍ദ്ധക ക്ലിനിക്കിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ സംഭാവന ചെയ്തത്. 150 രൂപയാണ് മുഖം മിനുക്കാന്‍ വേണ്ടത്. കാക്കാപുള്ളി കളയാന്‍ 50, മൃതചര്‍മം നീക്കാന്‍ 100. മുഖം മിനുക്കാനും കാക്കാപുള്ളി കളയാനുമെല്ലാം ക്ലിനിക്കില്‍ പ്രത്യേക സേവന നിരക്കുകളുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈടാക്കുന്ന തുകയാണ് ഇവിടെയും നല്‍കേണ്ടത്. കലകളെ മായ്ച്ചുകളയാനും നഖത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമുള്ള ചികിത്സകള്‍ ഇവിടെ സൗജന്യമാണ്. വെള്ളപാണ്ട് ചികിത്സ, മുടി വെച്ചുപിടിപ്പിക്കല്‍, പ്രായം തോന്നിക്കാതിരിക്കാനുള്ള ചികിത്സ എന്നിവയ്ക്കും സേവനം സൗജന്യമായിരിക്കും. എന്നാല്‍ ആവശ്യമായ ക്രീമുകളും മറ്റും രോഗികള്‍ വാങ്ങി നല്‍കണം. ക്ലിനിക്കിന്റെ ഉദ്ഘാടന തിയതി ഉടന്‍ തീരുമാനിക്കുമെന്ന് നഗരസഭാധ്യക്ഷ സി.എച്ച് ജമീല, ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്ത്, ആസ്പത്രി സൂപ്രണ്ട് അജേഷ് രാജന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, ഒ.സഹദേവന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."