സ്ത്രീകളുടെയും കുട്ടികളുടെയും തിരോധാനം: സ്‌കൂള്‍തല ബോധവത്കരണം മഞ്ചേരിയില്‍
മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും കടത്ത് തടയുന്നതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ച മഞ്ചേരിയില്‍ തുടങ്ങും. മഞ്ചേരി നഗരസഭ പരിധിയിലെ സ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 'ഉജ്ജ്വല' കമ്യൂനിറ്റി വിജിലന്‍സ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം മനുഷ്യക്കടത്ത് തടയുന്നതിനായി നിയോഗിച്ച ജില്ലയിലെ അംഗീകൃത ഏജന്‍സിയായ സരോജിനിയമ്മ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍, കുടുംബങ്ങളില്‍ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ എന്നിവരെയാണ് മനുഷ്യകടത്ത് സംഘങ്ങള്‍ കൂടുതല്‍ ലക്ഷ്യമിടുന്നത്. കൂടാതെ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും പ്രധാന കാരണങ്ങളാവുന്നുണ്ട്. അതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ബോധവത്ക്കരണം നടത്തുക. ജില്ലയിലെ പട്ടികജാതി കോളനികള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലും ബോധവത്കരണം നടത്തും. സ്ത്രീകളുടെയും കുട്ടികളുടെയും കടത്തുമായി ബന്ധപ്പെട്ട് ഓരോ മാസവും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിവരങ്ങള്‍ ജില്ലാ ക്രൈം റിക്കോഡ്‌സ് ബ്യൂറോയില്‍ നിന്നും ലഭ്യമാക്കാനും തീരുമാനിച്ചു.
ജില്ലയില്‍ നിലവില്‍ വേങ്ങര, പൂക്കോട്ടൂര്‍, തവനൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് ഷോട്ട് സ്റ്റേ ഹോമുകളുള്ളത്. അപകടകരമായ സാഹചര്യങ്ങളില്‍ കണ്ടെത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും താത്കാലികമായി താമസിപ്പിക്കുന്നതിന് കൂടുതല്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ ജില്ലയ്ക്ക് അനുവദിക്കാനും ഒഴിഞ്ഞു കിടക്കുന്ന വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസറുടെ തസ്തിക നികത്തുന്നതിനു സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പ്രാദേശികതലത്തില്‍ ബോധവത്കരണത്തിന് കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര എന്നിവരുടെ സഹകരണം ഉറപ്പാക്കും. കലോത്സവങ്ങളും മറ്റു പരിപാടികളും നടക്കുമ്പോള്‍ വിദ്യാര്‍ഥിനികളെ അവിഹിതമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ ജാഗ്രതയോടെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനെക്കുറിച്ചും ലഹരിക്ക് അടിമകളായ കുട്ടികളെ ഡീഅഡിക്ഷന്‍ സെന്ററുകളിലെത്തിക്കാന്‍ രക്ഷിതാക്കള്‍ വിമുഖത കാണിക്കുന്ന പ്രവണതയും യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ വനിതാ ഹോസ്റ്റലുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളുമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്ന് അധ്യക്ഷന്‍ നിര്‍ദേശിച്ചു. സരോജിനി അമ്മ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പി. ഗൗരി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."