എന്‍ജിനീയറിങിന് 54604 സീറ്റുകള്‍; ഓപ്ഷന് രജിസ്ട്രേഷന് നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനീയറിങിന് ആകെയുള്ളത് 54604 സീറ്റുകള്‍. സര്‍ക്കാര്‍, എയ്ഡഡ് സ്വാശ്രയ മേഖലകളിലായി സംസ്ഥാനത്ത് ആകെയുള്ള 159 എന്‍ജിനീയറിങ് കോളജുകളിലെ സീറ്റുകളുടെ എണ്ണമാണിത്. ഇവയില്‍ 33000 സീറ്റുകളാണ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് അലോട്ട്മെന്റിനായി ലഭ്യമാകുന്നത്. ആകെയുള്ള എന്‍ജിനീയറിങ് കോളജുകളില്‍ ഒന്‍പത് എണ്ണമാണ് സര്‍ക്കാരിന് കീഴിലുള്ളത്. മൂന്ന് എയ്ഡഡ് കോളജുകളും 115 സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളും ഉള്‍പ്പെടുന്നു.
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ 1300 സീറ്റുകളാണ് നിലവിലുള്ളത്. ഇതില്‍ 759 ഓളം സീറ്റുകള്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് അലോട്ട്മെന്റിനായി ലഭ്യമാകും. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളുടെ അലോട്ട്മെന്റിനൊപ്പം സ്വകാര്യ സ്വാശ്രയ കോളജുകളിലേക്കുള്ള അലോട്ട്മെന്റും നടത്തും.
ഓപ്ഷന് രജിസ്ട്രേഷന് നാളെ ആരംഭിക്കും. 28 വരെ ഓപ്ഷനുകള്‍ നല്‍കാം. 27ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. എന്‍ജിനീയറിങിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് ഈ മാസം 30നു നടക്കും.
രണ്ടാംഘട്ട അലോട്ട്മെന്റ് ജൂലൈ 10നും. മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് ജൂലൈ 20ന് നടക്കും. സുപ്രിംകോടതി വിധി അനുസരിച്ച് രാജ്യത്തെ എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 15 ആണ്.
ആദ്യ 5000ല്‍ 2535 പേര് കേരള സിലബസില്‍നിന്ന്
തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി സിലബസ് പഠിച്ച് എന്‍ജിനീയറിങ് റാങ്ക് പട്ടികയിലെ ആദ്യ 5000 നുള്ളില്‍ ഇടം നേടിയത് 2535 വിദ്യാര്‍ഥികള്‍. സി.ബി.എസ്.ഇ സിലബസില്‍നിന്നുള്ള 2280 വിദ്യാര്‍ഥികളും ഐ.എസ്.സി.ഇ സിലബസില്‍നിന്നുള്ള 140 വിദ്യാര്‍ഥികളും ആദ്യ 5000 ല്‍ ഇടം നേടി. ആദ്യ 1000 റാങ്കില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ജില്ല എറണാകുളം ആണ് - 165 വിദ്യാര്‍ഥികള്‍ . കോഴിക്കോട് -128, മലപ്പുറം- 106, തിരുവനന്തപുരം- 102 വിദ്യാര്‍ഥികളും ആദ്യ 1000 റാങ്കില്‍ ഇടം നേടി. ആദ്യ 100 ല്‍ 87 ആണ്‍കുട്ടികളാണ് റാങ്ക് കരസ്ഥമാക്കിയത്. 13 പെണ്‍കുട്ടികള്‍ക്കേ ആദ്യ 100 റാങ്ക് പട്ടികയില്‍ ഇടംനേടാനായുള്ളു. ആദ്യ 100 ല്‍ 20 പേര് കോട്ടയം ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥികളാണ്. എറണാകുളം ജില്ലയിലെ 17 പേര് ഇടം നേടിയപ്പോള്‍ കോഴിക്കോട് ജില്ലയില്‍നിന്നു 14 വിദ്യാര്‍ഥികള്‍ ആദ്യ 100 റാങ്ക് പട്ടികയില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."