68 പൊലിസുകാര്‍ക്ക് പരുക്ക്
കണ്ണൂര്‍: തോട്ടട കിഴുന്നയില്‍ കടല്‍തീരത്തോടു ചേര്‍ന്ന റിസോര്‍ട്ടിലെ സമ്മേളന ഹാളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 68 പൊലിസുകാര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ 10.45ഓടെ കിഴുന്ന ആശാന്‍ സ്മാരക വായനശാലക്കു സമീപത്തെ കാന്‍ബേ റിസോര്‍ട്ടിലായിരുന്നു സംഭവം. ജില്ലാ പൊലിസ് അസോസിയേഷന്റെ പഠന ക്യാംപിനിടെ റിസോര്‍ട്ടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഉത്തരമേഖലാ ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.
പരിശീലനത്തിന് എത്തിയ ആറു വനിതകളടക്കം 68 പേര്‍ക്കാണു പരുക്കേറ്റത്. ഇവര്‍ തലനാരിഴയ്ക്ക് ദുരന്തത്തില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രമായിരുന്നു ക്യാംപ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഡിവൈ.എസ്.പി പി.പി സദാനന്ദനും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ജില്ലാ പൊലിസ് ആസ്ഥാനത്ത് യോഗം വിളിച്ചതിനാലാണ് എസ്.പിയും ഡിവൈ.എസ്.പിയും എത്താന്‍ വൈകിയത്.
അപകടസമയത്ത് രണ്ടു വിദേശികളും റിസോര്‍ട്ടില്‍ അതിഥികളായി ഉണ്ടായിരുന്നു. ശബ്ദവും കൂട്ടക്കരച്ചിലും കേട്ട അവരും അമ്പരന്നു. റിസോര്‍ട്ടിനു മതിയായ ഫിറ്റ്‌നസ് രേഖകള്‍ ഇല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ എടക്കാട് പൊലിസ് കേസെടുത്തു.
പരുക്കേറ്റ പൊലിസുകാരെ എ.കെ.ജി, കൊയിലി, ധനലക്ഷ്മി, സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ തളിപ്പറമ്പ് സ്റ്റേഷനിലെ രാജേഷ്, കണ്ണൂര്‍ ട്രാഫിക് യൂനിറ്റിലെ ഷീല, മറ്റൊരു പൊലിസുകാരന്‍ ജിതിന്‍ എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ ശ്രീമതി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ, എസ്.പി ശിവവിക്രം, സി.പി.എം നേതാക്കളായ എം.വി ഗോവിന്ദന്‍, പി. ജയരാജന്‍ എന്നിവര്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."