കമ്പംമെട്ട് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം
തൊടുപുഴ: കമ്പംമെട്ടില്‍ തല്‍സ്ഥിതി തുടരുന്നതിനും സര്‍വ്വേ നടപടികള്‍ നിര്‍ത്തി വയ്ക്കുന്നതിനും സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനാണ് ജില്ലാ കലക്ടര്‍ക്ക് ടെലഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ജില്ലാ ഭരണകൂടമല്ല തീരുമാനങ്ങളെടുക്കേണ്ടതെന്നും സര്‍ക്കാര്‍ ജില്ലാ കലക്ടറെ ഓര്‍മ്മിപ്പിച്ചു. ജോയ്‌സ് ജോര്‍ജ്ജ് എം പി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് നടപടി.
കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന കമ്പംമെട്ടില്‍ ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ നടത്തിയ സര്‍വ്വെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി പറഞ്ഞു. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ തികച്ചും അശാസ്ത്രീയമായി ഇടുക്കി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ സര്‍വ്വേയ്ക്ക് തയ്യാറായതിലൂടെയാണ് ജില്ലയില്‍ താമസിച്ചു വന്ന നിരവധി പേരുടെ വീടുകളും, 50 വര്‍ഷത്തോളമായി ഉപയോഗിക്കുന്ന റോഡുകളും തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളില്‍ ആകാന്‍ സാഹചര്യമുണ്ടായതെന്ന് എം പി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള ഇടുക്കിയുടെ ജലസമൃദ്ധിയും, ടൂറിസം കേന്ദ്രങ്ങളും കണ്ണു വച്ച് തമിഴ്‌നാട് നടത്തുന്ന നീക്കങ്ങള്‍ക്ക് പരോക്ഷമായി ബലമേകുന്നതാണ് നിര്‍ഭാഗ്യവശാല്‍ ഇടുക്കിയിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് എം പി ചൂണ്ടിക്കാണിച്ചു. സര്‍ക്കാര്‍ തലത്തിലോ, ഉന്നത ഉദ്യോഗസ്ഥതലത്തിലോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായി ചില ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വ്വെയാണ് വിവാദത്തിന് ഇടയാക്കിയത്. ചെറിയ തോതിലുള്ള അതിര്‍ത്തി പ്രശ്‌നത്തെ അന്തര്‍ സംസ്ഥാന തര്‍ക്കവിഷയമാക്കി വളര്‍ത്തിയത് ജില്ലയിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും, അലംഭാവവുമാണ്. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും എം പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നാട്ടുരാജഭരണകാലത്ത് 1906 ലുള്ള അപൂര്‍ണമായ സര്‍വ്വേ രേഖകളും, ഇതുവരെ അന്തിമമായി തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലാത്ത റീസര്‍വ്വേ റിപ്പോര്‍ട്ടുകളും വച്ചാണ് അടിസ്ഥാന രേഖകള്‍ പൊലുമില്ലാതെ അശാസ്ത്രീയമായ സര്‍വ്വേ നടത്തിയത്. ഈ സര്‍വ്വെയിലാണ് കേരളത്തിലെ നിരവധി വീടുകള്‍ തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളിലായത്. സര്‍വ്വേയുടെ പ്രായോഗിക ബുദ്ധിമുട്ടുകളും, ആധീകാരികത ഇല്ലായ്മയും ഫീല്‍ഡ് സര്‍വ്വേ ഉദ്യോഗസ്ഥര്‍ സര്‍വ്വേയ്ക്ക് മുമ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയിരുന്നെങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നുവെന്നും സര്‍വ്വേ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയ കാര്യവും എം പി ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഐ എ വൈ പദ്ധതിയില്‍ ഇടുക്കി ജില്ലയില്‍ നിര്‍മ്മിച്ച വീടുകളും പുതിയ സര്‍വ്വേയില്‍ തമിഴ്‌നാടിനുള്ളിലായി. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചപ്പോള്‍ തന്നെ കമ്പംമെട്ടില്‍ തമിഴ്‌നാടിന്റെ അതിര്‍ത്തികള്‍ കല്ലിട്ട് അടയാളപ്പെടുത്തി വ്യക്തമായി വേര്‍തിരിച്ചിരുന്നതാണ്. ഇവിടെ തര്‍ക്കത്തിന് ഒരു സാധ്യതയുമില്ലെന്നിരിക്കെയാണ് ജില്ലയിലെ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് വിഷയത്തെ കൊണ്ടുചെന്നെത്തിച്ചതെന്നും എം പി ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."