ലാഭത്തിലാക്കാന്‍ സര്‍വിസ് റദ്ദാക്കി കെ.എസ്.ആര്‍.ടി.സി: പെരുവഴിയിലായി ജനം
കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള മാനേജ്‌മെന്റ് നിര്‍ദേശങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി. കലക്ഷന്റെ അടിസ്ഥാനത്തില്‍ പൂളുകളാക്കി സര്‍വിസുകള്‍ തരം തിരിച്ചതിലാണ് ജില്ലയിലെ ഡിപ്പോ, സബ് ഡിപ്പോ അധികൃതര്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്.
കലക്ഷന്റെ അടിസ്ഥാനത്തില്‍ എ, ബി, സി പൂളുകളാക്കി തിരിച്ചാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. ഇതില്‍ സി പൂളില്‍ ഉള്‍പെട്ട സര്‍വിസുകള്‍ റദ്ദ് ചെയ്താലും നടപടിയുണ്ടാകില്ലെന്ന പഴുത് ഉപയോഗിച്ചാണ് അധികൃതര്‍ പൊതുമേഖലാ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കുന്ന തരത്തില്‍ സര്‍വിസ് റദ്ദാക്കല്‍ തുടരുന്നത്. ഇതിനായി ശരാശരിക്ക് മുകളിലുള്ള സര്‍വിസുകള്‍ വരെ സി പൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്. കല്‍പ്പറ്റ സബ് ഡിപ്പോയില്‍ നിന്ന് രാത്രി 8.30നുള്ള കല്‍പ്പറ്റ-മുണ്ടക്കൈ സര്‍വിസ് കഴിഞ്ഞ അഞ്ചുദിവസമായി പതിവായി റദ്ദാക്കിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചിരുന്നു. ജോലിക്ക് പോകുന്നവരും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരും ആശ്രയിക്കുന്ന സര്‍വിസാണിത്. ശരാശരിക്കും മുകളില്‍ കലക്ഷനുള്ള ഈ സര്‍വിസ് റദ്ദാക്കുന്നതോടെ പ്രതിദിനം ആയിരങ്ങളാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമാകുന്നത്. മേപ്പാടി-മുണ്ടക്കൈ റൂട്ടില്‍ ഒരു സ്വകാര്യബസ് മാത്രമാണ് സര്‍വിസ് നടത്തുന്നത്. എന്നിരിക്കെയാണ് അധികൃതര്‍ സര്‍വിസ് റദ്ദാക്കല്‍ തുടരുന്നത്.
ആവശ്യത്തിന് കണ്ടക്ടറില്ലെന്ന് കാരണം പറഞ്ഞാണ് ഈ നടപടി. എന്നാല്‍ നിരവധി സ്വകാര്യബസുകള്‍ സര്‍വിസ് നടത്തുന്ന കല്‍പ്പറ്റ-വടുവന്‍ചാല്‍ റൂട്ടില്‍ കലക്ഷന്‍ തീരെയില്ലാത്ത സര്‍വിസുകള്‍ അധികൃതര്‍ മുടക്കുന്നില്ലെന്നതും ദുരൂഹമാണ്. ഈ റൂട്ടിലുള്ള മിക്ക കെ.എസ്.ആര്‍.ടി സര്‍വീസുകള്‍ക്ക് മുന്നിലും പിന്നിലുമായി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കല്‍പ്പറ്റ-വടുവന്‍ചാല്‍, കല്‍പ്പറ്റ-മുണ്ടക്കൈ, ചൂരല്‍മല, അട്ടമല റൂട്ടുകളിലെ ടൈം ഷെഡ്യൂളുകള്‍ പരിഷ്‌കരിച്ചാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ലാഭത്തിലാക്കാമെന്നിരിക്കെയാണ് സ്ഥാപനത്തിന് നഷ്ടം മാത്രമുണ്ടാക്കുന്ന സര്‍വിസ് റദ്ദാക്കല്‍ നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.
നിസാര കാരണങ്ങള്‍ പറഞ്ഞ് സര്‍വിസ് റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തേരി-കൊഴുവണ താഴത്തൂര്‍ നിവാസികള്‍ ജില്ലാ ഡിപ്പോയിലെത്തി പ്രതിഷേധിച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണജനതക്കാണ് അധികൃതരുടെ നിരുത്തരവാദ നിലപാട് തിരിച്ചടിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."