വ്രതാനുഷ്ഠാനത്തിന്റെ അനുഭവത്തുടര്‍ച്ചയില്‍ ഹിമാനി
തൊട്ടില്‍പ്പാലം: റമദാനില്‍ നോമ്പനുഷ്ടിച്ചുപോരുന്ന സുഹൃത്തുക്കളുടെ നോമ്പനുഭവം തന്നിലേക്കും പകരാന്‍ ഒരിക്കല്‍ നോമ്പ് നോറ്റ് തുടങ്ങിയതായിരുന്നു കായക്കൊടി പട്ടര്‍കുളങ്ങരയിലെ പ്ലസ് വണ്‍വിദ്യാര്‍ഥിനിയായ ഹിമാനി. എന്നാല്‍ ഇന്നേക്ക് വര്‍ഷം രണ്ട് പൂര്‍ത്തിയാകുന്നതോടെ അത് ജീവിതത്തിന്റെ ഭാഗമായപ്പോള്‍ ഹിമാനിക്ക് പറഞ്ഞറിയിക്കാനാവാത്ത ആത്മനിര്‍വൃതിയാണ് സമ്മാനിച്ചത്.
സഹജീവികളോട് ആര്‍ദ്രത നിറഞ്ഞ മനസും, വിശന്നിരിക്കുന്നവന്റെ സഹനവും, ദാനശീലവും, വിനയവും തുടങ്ങി ഒരുപാട് നന്‍മകളുടെ സമ്മേളനമായി നോമ്പനുഭവം സാക്ഷ്യപ്പെടുത്തുന്നതായി ഹിമാനി പറയുന്നു.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ദേഹേഛകളും വെടിഞ്ഞ് പരിപൂര്‍ണമായി വ്രതമെടുക്കുന്ന മുസ്‌ലിം സുഹൃത്തുക്കളായ സഹപാഠികളുടെ റമദാന്‍ ദിനങ്ങള്‍ വളരെ അത്ഭുതത്തോടെയാണ് ഹിമാനി നോക്കിക്കണ്ടത്. പിന്നീട് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു നോമ്പെടുത്തു തുടങ്ങിയത്. ആദ്യമൊക്കെ പകുതി ദിവസങ്ങളിലായിരുന്നു. പിന്നെ അത് മുഴുവന്‍ ദിവസമായി മാറുകയായിരുന്നു.
വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ തന്റെ ഉറ്റസുഹൃത്തും കലോത്സവ വേദിയിലെ സഹമത്സരാര്‍ഥിയുമായ നാഫിയയും അവരുടെ ഉമ്മയുമാണ് ആവശ്യമായ നിര്‍ദേശവും സഹായവുമായി രംഗത്തുള്ളത്. ഒപ്പം വീട്ടുകാരുടെ പൂര്‍ണപിന്തുണയും ഹിമാനിക്കുണ്ട്. എല്ലാ ദിവസവും രാവിലെ നാലു മണിയോടെ എഴുന്നേറ്റ് ഇടയത്താഴം കഴിച്ചുകൊണ്ട് നോമ്പിന്റെ നിര്‍ബന്ധ നിബന്ധനയായ 'നിയ്യത്തും' കരുതിയാണ് ഹിമാനി നോമ്പെടുക്കല്‍ ആരംഭിക്കുന്നത്. ഇതിനായി എല്ലാ ദിവസും സുഹൃത്തായ നാഫിയയുമായി ഫോണ്‍ മുഖേനെ ബന്ധപ്പെട്ടാണ് നിയ്യത്ത് ചെയ്യുന്നതെന്ന് ഹിമാനി പറയുന്നു. ഹിമാനി നോമ്പെടുക്കുന്നത് കണ്ട് അമ്മ സ്മിതയും ഈ വര്‍ഷം ചിലദിവസങ്ങളില്‍ നോമ്പെടുത്തിരുന്നു.
നോമ്പ് തുറക്കാനായി അമ്മയുമൊത്ത് വിഭവ സമൃദ്ധമായ പലഹാരങ്ങളൊരുക്കി സമീപത്തെ പള്ളിയിലെ ബാങ്കിനായി കാത്തു നില്‍ക്കും. ബാങ്കു കൊടുക്കുന്നതോടെ എല്ലാവരും ഒന്നിച്ചിരുന്ന് നോമ്പ് തുറക്കും.
ഈ പതിവ് റമദാന്‍ മഴുവനും തുടരും. ഇപ്പോള്‍ ജീവിതത്തിന്റെ തന്നെ ഭാഗമായ നോമ്പ് തനിക്ക് കഴിയുന്നത്രയും കാലം അനുഷ്ടിക്കാന്‍ ശ്രമിക്കുമെന്ന് ഹിമാനി പറയുന്നു. അതേസമയം, വ്രതം അവസാനിക്കുന്നതോടെ വന്നെത്തുന്ന ആഹ്ലാദത്തിന്റെ പെരുന്നാള്‍ ദിനം കൂട്ടുകാരൊന്നിച്ച് കൊണ്ടാടാനാണ് ഹിമാനിക്ക് ആഗ്രഹം.
അച്ഛന്‍ എം.കെ ശശി കായക്കൊടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം കായക്കൊടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ്. ഹിമനന്ദ് സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."