സാമുദായിക സ്പര്‍ദ്ധ തകര്‍ക്കല്‍: ലേറ്റസ്റ്റ് പത്രാധിപര്‍ക്കെതിരേ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: ഹിന്ദു-മുസ്ലിം ഐക്യം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്ത കൊടുത്തു കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന് മാണിക്കോത്തിനെതിരേ ജാമ്യമില്ലാ ക്രിമിനല്‍ കുറ്റം ചുമത്തി ഹൊസ്ദുര്‍ഗ് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ പരാതിയിലാണു ബോധപൂര്‍വം വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അജാനൂര്‍ കടപ്പുറം അയ്യപ്പഭജന മന്ദിരത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ചു ഗാനമേള നടത്താന്‍ മെട്രോ മുഹമ്മദ് ഹാജി കാല്‍ലക്ഷം രൂപ സംഭാവന നല്‍കിയെന്നും സംയുക്ത ജമാഅത്ത് പ്രസിഡന്റ് ക്ഷേത്രത്തിലെ ഗാനമേളയ്ക്കു പണം മുടക്കിയതില്‍ മുസ്ലിം മത വിഭാഗത്തിനു കടുത്ത വിരോധമുണ്ടെന്നും ചെറുവത്തൂര്‍ നെല്ലിക്കാത്തുരുത്തി കഴകത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ചു നടന്ന ആചാര്യ സംഗമത്തില്‍ സ്റ്റേജില്‍ കയറിയതില്‍ ഹിന്ദു സമൂഹത്തിനു പ്രതിഷേധമുണ്ടെന്നും തുടങ്ങിയുള്ള 'ലേറ്റസ്റ്റ്' വാര്‍ത്തകള്‍ പരസ്പരം വിദ്വേഷവും സ്പര്ദ്ദയുമുണ്ടാക്കാനുളള ശ്രമമാണന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മെട്രോ മുഹമ്മദ് ഹാജിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഹൊസ്ദുര്‍ഗ് പൊലിസ് അജാനൂര്‍ അയ്യപ്പഭജന മന്ദിരത്തിന്റെയും നെല്ലിക്കാതുരുത്തി കഴകത്തിന്റെയും ഭാരവാഹികളില്‍ നിന്നു മൊഴിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."