മണലൂര്‍ താഴം പടവിലും പട്ടാളപ്പുഴു
അന്തിക്കാട്: മണലൂര്‍ താഴം പടവിലും പട്ടാളപ്പുഴുവിനെ കണ്ടെത്തിയതോടെ കര്‍ഷകരുടെ ആശങ്ക വര്‍ധിക്കുന്നു.
പടവിലെ ഏക്കര്‍ കണക്കിനു സ്ഥലത്തെ നെല്‍ച്ചെടികള്‍ പുഴുക്കള്‍ വ്യാപകമായി വെട്ടിനശിപ്പിച്ച നിലയിലാണ്. വിതകഴിഞ്ഞ് ഒരു മാസമായ നെല്‍ച്ചെടികളാണ് പട്ടാളപ്പുഴുക്കള്‍ വെട്ടിനശിപ്പിച്ചത് . ഇതോടെ ജില്ലയിലെ പ്രധാന കോള്‍ പടവുകളിലെല്ലാം പട്ടാളപ്പുഴുക്കളുടെ ആക്രമണം രൂക്ഷമായി. അന്തിക്കാട്, പുള്ള്, ആലപ്പാട്, പുറത്തൂര്‍, ചേറ്റുപുഴ തുടങ്ങി പ്രധാന കോള്‍പടവുകളിലെല്ലാം പട്ടാളപ്പുഴു സംഹാര താണ്ഡവമാടുകയാണ്. കൊറാജന്‍ കീടനാശിനിയാണ് പുഴുക്കളുടെ ആക്രമണം തടയാനായി തളിക്കുന്നത്. ഭൂരിഭാഗം പടവുകളിലും പുഴുശല്യം രൂക്ഷമായതോടെ മരുന്നു തളിക്കാനും ആളുകളെ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ പടവുകളില്‍ കീടനാശിനി തളിക്കുന്നത്. പടവുകളിലെല്ലാം വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ട്. നൂറുമേനി വിളവ് പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. നല്ലൊരു സംഖ്യ ചെലവഴിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയിട്ടുള്ളത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കര്‍ഷകരും ഉണ്ട്. കൊറാ ജ ന്‍ കീടനാശിനി ഫലപ്രദമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും കര്‍ഷകരുടെ ആശങ്ക ഇനിയും മാറിയിട്ടില്ല. കാലാവസ്ഥ വ്യതിയാനമാണ് പട്ടാപ്പുഴു എത്തിയതിനുള്ള കാരണമായി പറയുന്നത്. പട്ടാളപ്പുഴുവിനെ നിയന്ത്രണ വിധേയമാക്കാന്‍ കൃഷി വകുപ്പധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ ആശങ്ക നീക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."