കവിതയെന്ന സ്വപ്നാഭിലാഷം
വേലായുധനും ചെറുപെണ്ണിനും ഒന്‍പതുമക്കള്‍. ഒരാള്‍ ഇടിമിന്നലില്‍ ലോകത്തോട് വിടചൊല്ലി. ശേഷിച്ചവരില്‍ വിലാസിനിക്ക് മുകളില്‍ ആറും താഴെ ഒരനിയനും. അച്ഛന്‍ മരിച്ചപ്പോള്‍ വിലാസിനിക്ക് അന്ന് അഞ്ചുവയസാണ്. ദാരിദ്ര്യം കൂടെപ്പിറപ്പായ പണിയ കുടുംബത്തിലെ സന്തതി. ഒരുവയസില്‍ തന്നെ കാല്‍ നിറയെ വ്രണങ്ങളുമായി ജീവിതം. മുറിവില്‍ പുഴുക്കളരിച്ച് ഇഴഞ്ഞു നടക്കുമ്പോഴും അറപ്പോട് കൂടിയായിരുന്നു സമൂഹം കണ്ടിരുന്നത്. താഴ്ന്ന ജാതിയെന്ന മുദ്രകുത്തുമ്പോഴും വേദനയുടെ കയ്പുനീര് കുടിച്ച് ജീവിതം തള്ളിനീക്കി. കുടിലിന് മുന്നിലൂടെ സ്‌കൂളിലേക്ക് കുട്ടികള്‍ പൂമ്പാറ്റകളെപ്പോലെ പാറിനടക്കുമ്പോള്‍ നടക്കാനാവാത്ത തന്റെ അവസ്ഥയെ പഴിചാരുകയേ മാര്‍ഗമുണ്ടായിരുന്നുള്ളു. സഹോദരി വള്ളിയുടെ ദൃഢനിശ്ചയമില്ലായിരുന്നുവെങ്കില്‍ താനിന്ന് കാലുകള്‍ മുറിച്ചുമാറ്റപ്പെട്ടവളായി മാറിയിരുന്നുവെന്ന് വിലാസിനി ഓര്‍ക്കുന്നു. പുഴു തിളയ്ക്കുന്ന കാലിന് മരുന്നില്ലാതെ വേദന തിന്നുകഴിയുന്ന കാലം. അസഹനീയായപ്പോള്‍ സഹോദരി വള്ളിയും അമ്മയും പത്തുകിലോമീറ്ററുകളുള്ള നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചുമന്നു കൊണ്ടുപോയി. പുഴുക്കളിരിക്കുന്ന കാലുകണ്ട ഡോക്ടര്‍ കാല്‍ മുറിച്ചുമാറ്റാതെ വഴിയില്ലെന്ന് അറിയിച്ചു. കാല്‍ മുറിച്ച കുഞ്ഞിനെ ഞങ്ങള്‍ക്ക് വേണ്ടായെന്നും കാലുള്ള കുഞ്ഞിനെ മതിയെന്നും പറഞ്ഞ് വള്ളി വിലാസിനിയേയും ചുമന്ന് വീണ്ടും വീട്ടിലേക്ക് തിരിച്ചു. തുരിശ് പൊടിച്ചും പാറമരത്തിന്റെ ഇല ചതച്ചും പുഴുക്കളുടെ മേല്‍ വിതറി. പിന്നീട് തുണിവച്ച് കെട്ടി.
കൈപിടിച്ചുയര്‍ത്തിയ
മുഹമ്മദ് മാഷ്
നാട്ടിലെ ധനികരായ നാലകത്ത് മൊയ്തീന്‍കാക്കയുടെ വീട്ടിലേക്ക് ചന്തക്കുന്നുള്ള തങ്ങള്‍ വൈദ്യര്‍ വരുന്നുണ്ടെന്നറിഞ്ഞ് വള്ളി വിലാസിനിയെ അവിടേക്കും ചുമന്നുകൊണ്ടുപോയി. കുട്ടിയെ കണ്ട വൈദ്യര്‍ ചന്തക്കുന്നിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞു. അവിടെയെത്തിച്ചപ്പോള്‍ വൈദ്യര്‍ അറപ്പുകൂടാതെ കൈകള്‍ കൊണ്ട് ചുടുവെള്ളത്തില്‍ വിലാസിനിയുടെ കാല്‍ കഴുകി മുറി വൃത്തിയാക്കി. വലിയ ദ്വാരങ്ങള്‍ കണ്ടു. തങ്ങള്‍ വൈദ്യരുടെ ചികിത്സയില്‍ കാലിന്റെ അസുഖം പൂര്‍ണമായും മാറി. കിണറ്റിങ്ങല്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ അറബി മാഷ് ചെവിടിക്കുന്നന്‍ മുഹമ്മദും ദേവകിടീച്ചറും വിലാസിനിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചു. ഒന്നാം ക്ലാസില്‍ ചേര്‍ത്തെങ്കിലും വസ്ത്രങ്ങളില്ലാത്തതും ദാരിദ്ര്യവും വിലാസിനിയുടെ പഠനത്തിന് തടസമായി. കിട്ടിയ അക്ഷരങ്ങളുമായി പുസ്തകങ്ങള്‍ വായിക്കണമെന്ന മുഹമ്മദ് മാഷിന്റെ നിര്‍ദേശമാണ് വിലാസിനിയെന്ന കവയിത്രിയിലേക്ക് എത്തിയത്. കിട്ടുന്നതെന്തും വായിക്കും. കുത്തിക്കുറിക്കും. കുട്ടിയുടെ കഴിവറിഞ്ഞ മാഷ് ഒന്നാം ക്ലാസ് പൂര്‍ത്തിയാക്കാതെ രണ്ടാം ക്ലാസിലും വിലാസിനിയെ കൊണ്ടിരുത്താന്‍ ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടു. ഒടുവില്‍ അഭിനയിക്കാനുള്ള കഴിവ് കണ്ട മാഷ് വിലാസിനിയോട് നാടകത്തില്‍ അഭിനയിക്കാന്‍ പറഞ്ഞു. സ്‌കൂളിലെ ഒരു നാടകത്തിലും അഭിനയിപ്പിച്ചു. ഓട്ട മല്‍സരങ്ങളിലും പങ്കെടുപ്പിച്ചു. വസ്ത്രങ്ങളും മറ്റും മാഷ് തന്നെ വാങ്ങികൊടുത്തു.
പട്ടിണിയുടെ കവിത
വീട്ടിലെ പട്ടിണിമാറ്റാന്‍ യുവത്വത്തിലെത്തിയിട്ടും വിലാസിനിയും കുടുംബാംഗങ്ങളോടൊപ്പം കൃഷിപ്പണിക്കിറങ്ങി. പാടത്തെ കൃഷിപ്പാട്ടുകളും കവിതകളും വിലാസിനിയുടെ വകയായിരുന്നു. വനത്തിലെ കൂപ്പ് വേലക്കും പോയി. പകല്‍ കവിതകളും പാട്ടുകളുമായി പാടത്തും, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ രാത്രി മുഴുവനും വീട്ടിലിരുന്ന് കവിതയെഴുത്തുമായിരുന്നു. രാത്രി ഉറക്കമൊഴിച്ചുള്ള കവിതയെഴുത്തില്‍, മതിയാക്ക് അന്റെ കുത്തിവര... ആരെ കാണിക്കാനാ ജ്ജ് എഴുതുന്നത് എന്ന അമ്മയുടെ വക വഴക്കും. സങ്കടം വരുമ്പോള്‍, എന്നെങ്കിലും അന്നെ നാലാള്‍ അറിയാതിരിക്കില്ലെന്ന് പറഞ്ഞ് അമ്മതന്നെ സമാധാനിപ്പിക്കും. കൃഷിവേലയും മറ്റുമായി പോകുന്നതിനിടെ നാടകത്തില്‍ അഭിനയിക്കാനുള്ള അവസരവും വിലാസിനിയെ തേടിയെത്തി. ഭൂമിയിലെ മാലാഖ എന്ന നാടകത്തില്‍ ചിന്നമ്മു എന്ന കഥാപാത്രമായി ജനങ്ങളുടെ കയ്യടിനേടി. ഡോ. ഉസ്മാന്‍, ഇ.കെ അയമു, നിലമ്പൂര്‍ ബാലന്‍, മുക്കട്ട മാനുകാക്ക തുടങ്ങി നിലമ്പൂരിലെ നാടകരംഗത്തെ അതികായരുടെ കൂടെ അഭിനയിക്കാനും ക്ഷണം ലഭിച്ചു. 20-ാം വയസില്‍ പ്രശസ്തമായ അശ്വമേധം എന്ന നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും പങ്കെടുക്കാന്‍ സാധിച്ചില്ല. കൂടെപിറപ്പുകളെ വിട്ടുപോകാന്‍ മനസുവരാത്തതിനാല്‍ സഹോദരി വള്ളി വിവാഹം വേണ്ടെന്ന് വച്ചു. അവരുടെ പാത വിലാസിനിയും പിന്‍തുടര്‍ന്നു. 1997ല്‍ അമ്മയുടെ മരണം വിലാസിനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. 85കാരിയായ വള്ളിയേട്ടത്തിയാണ് തനിക്ക് അമ്മയെന്ന് വിലാസിനി പറയുന്നു. നിലമ്പൂര്‍ തേക്കിന്റെ കാവലമ്മയായ ചിരുതയുള്‍പ്പെടെ മറ്റു സഹോദരങ്ങളും വിലാസിനിക്ക് ജീവനാണ്.
കവയിത്രിയിലേക്കുള്ള വഴി
കരുളായിയിലെ ബാങ്കില്‍ സ്വീപ്പര്‍ ജോലിയുള്ള ബന്ധുവിന് കുറച്ചുദിവസം ജോലിക്കെത്താന്‍ സാധിച്ചില്ല. 74 കഴിഞ്ഞിട്ടും പ്രായാധിക്യത്തിന്റെ അവശതകളൊന്നും ഈ അമ്മയെ ബാധിച്ചിട്ടില്ലാത്തതിനാല്‍ ബന്ധു തിരിച്ചുവരുന്നത് വരെ താല്‍ക്കാലികമായി വിലാസിനിയാണ് ജോലിയേറ്റെടുത്തത്. ബാങ്കിന്റെ സമീപത്തെ വസ്ത്രാലയത്തിലെ അസ്‌കറാണ് ആദ്യമായി വിലാസിനിയുടെ കവിതകള്‍ കണ്ടത്. താനെഴുതിയ കവിതകള്‍ ഫോട്ടോസ്റ്റാറ്റെടുക്കും. പിന്നെ എല്ലാം കൂടി കത്തിച്ചു കളയും. ഇതു ശ്രദ്ധിച്ച അസ്‌കര്‍ വിലാസിനിയോട് ഇവ സൂക്ഷിച്ചുവെച്ചൂടെ എന്ന് ചോദിച്ചു. കവിതകള്‍ പുറത്തിറക്കണമെന്ന് പറയുകയും ചെയ്തു.
സൗജത്തെന്ന മാലാഖ
അസ്‌കറിന്റെ ഉപദേശം കിട്ടിയതുകൊണ്ടാവാം പിന്നീട് എഴുതിയ കവിതകളൊന്നും തീയിലിട്ടില്ല. ഒരുനാള്‍ തന്റെ ബ്ലൗസ് തയ്ക്കാനായി ബാങ്കിനു സമീപത്തെ എഴുത്തുകാരി കൂടിയായ സൗജത്തിന്റെ കടയിലെത്തി. തന്റെ കൂടെ പഠിച്ച ആരുടെയോ മുഖച്ഛായ സൗജത്തില്‍ തോന്നി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ സൗജത്തിന്റെ പിതാവിനെ നന്നായി അറിയുമായിരുന്നുവെന്ന് വിലാസിനി. കുശലങ്ങള്‍ക്കിടെയാണ് വിലാസിനിയുടെ കയ്യിലുള്ള ചുരുട്ടിയ കടലാസ് സൗജത്ത് കണ്ടത്. നോക്കിയപ്പോള്‍ ഒന്നാം തരം കവിത. കവിത ചൊല്ലുമോ എന്ന് ചോദിച്ചതോടെ വിലാസിനി മധുരമായി ചൊല്ലി. ഒന്നല്ല, ഒരു കൂട്ടം കവിതകള്‍. ചാക്കു കണക്കിന് കവിതകള്‍ തീജ്വാലകള്‍ തിന്നു തീര്‍ത്ത കഥയും സൗജത്തിനോട് പറഞ്ഞു. വിലാസിനിയില്‍ കവയിത്രിയുണ്ടെന്ന് തിരിച്ചറിഞ്ഞ സൗജത്ത് ഇവരെ പുറംലോകത്തെത്തിക്കാന്‍ തയ്യാറെടുത്തു. അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സൗജത്തിന്റെ രണ്ടുനോവലുകള്‍ ഇതിനോടകം പ്രസിദ്ധി നേടിയിരുന്നു. വിലാസിനി എഴുതിയതിലെ തെറ്റുകള്‍ തിരുത്തിയും സ്‌നേഹ വാല്‍സല്യങ്ങള്‍ നല്‍കിയും സൗജത്തും വിലാസിനിയും കഥയും കവിതയുമായി മാറി.
ഓരോ പരിപാടികള്‍ക്കും സൗജത്ത് വിലാസിനിയെ കൂട്ടി. പകല്‍വീടിലെ സീനിയര്‍ സിറ്റിസണ്‍സ് പരിപാടിയില്‍ വിലാസിനിയുടെ കവിത കേട്ട് സദസ് ഒന്നാകെ പ്രശംസിച്ചു. ഇതോടെ പുതുലോകത്തേക്കുള്ള ചവിട്ടുപിടിയായി. നിരവധി വേദികളില്‍ തന്റെ കവിതകള്‍ ചൊല്ലാന്‍ അവസരം ലഭിച്ചു. കവയിത്രി വിലാസിനിയായി മാറി. പ്രശസ്തമായ ചെമ്മംതിട്ട ക്ഷേത്രത്തിലെ ദേവസ്തുതിയിലും കവിത ചൊല്ലാനായത് ജീവിതത്തില്‍ മറക്കാത്ത അനുഭവമാണെന്ന് വിലാസിനി പറയുന്നു. വനങ്ങളും പുഴകളും നാട്ടിലെ സംഭവങ്ങളും വരെ വിലാസിനിയുടെ കവിതകളായി മാറുന്നു. ഈയടുത്ത് കവളപ്പാറയിലെ പ്രകൃതി താണ്ഡവമാടിയ ദുരന്തത്തെ കുറിച്ചും കവിതയെഴുതി. സൗജത്ത് അറിയിച്ചതനുസരിച്ച് നോവലിസ്റ്റ് എന്‍.എന്‍ സുരേന്ദ്രന്‍ വിലാസിനിയുടെ കവിതകള്‍ കേട്ടു. തന്റെ കയ്യില്‍ അവശേഷിച്ച 38 കവിതകള്‍ മാഷിന് നല്‍കിയിട്ടുണ്ട്. ഉടന്‍ ഇവ പ്രസിദ്ധീകരിക്കുമെന്ന ഉറപ്പും മാഷ് വിലാസിനിക്ക് നല്‍കി. അമ്മ അന്ന് പറഞ്ഞ വാക്ക് പുലരുന്നുവെന്ന വിശ്വാസത്തില്‍ തന്റെ കവിതകള്‍ പുറം ലോകത്ത് എത്തുമെന്നുള്ള നിറമുള്ള സ്വപ്നങ്ങളിലാണ് ഇപ്പോള്‍ വിലാസിനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."