ഡെങ്കിപനി പടര്‍ന്നു പിടിക്കുന്നു; സ്ഥിരീകരിക്കാന്‍ സംവിധാനമില്ല
വാടാനപ്പള്ളി: പനി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡെങ്കി സ്ഥിരീകരിക്കാനുള്ള രക്തപരിശോധനയ്ക്ക് സംവിധാനമില്ല.ജില്ലാ കേന്ദ്രത്തിലേയ്ക്കയക്കുന്ന രക്ത സാമ്പിളിന്റെ ഫലം അറിയാന്‍ ഒരു മാസം കാത്തിരിക്കണം.അതിനിടെ വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്ര ത്തില്‍നിന്ന് പരിശോധനയ്ക്കയച്ച രക്തസാമ്പിളിന്റെ ഫലം അറിയാന്‍ കാത്തിരുന്ന യുവതി സ്വകാര്യ ലാബില്‍ പരിശോധന നടത്തി ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. പുതുക്കുളങ്ങരയിലെ സ്വകാര്യ ഫ്‌ലാറ്റിലെ താമസക്കാരിയായ യുവതിക്കാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം സര്‍ക്കാര്‍ ലാബിലെ ഫലം ലഭിക്കാത്ത സാഹചര്യത്തില്‍ വാടാനപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ടാഴ്ച മരുന്ന് കഴിച്ചിട്ടും പനി ഭേദമാകാതെയാണ് യുവതി സ്വകാര്യ ലാബില്‍ രക്തപരിശോധന നടത്തിയത്.എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അംഗീകരിക്കാത്തതിനാല്‍ ചികിത്സയ്ക്കും സ്വകാര്യ അശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നു.
പനി പടരുകയും കൊതുക് ശല്യം രൂക്ഷമാവുകയും ചെയ്തിരിക്കെ വാടാനപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ പുരുഷന്മാരുടെ വാര്‍ഡില്‍ ഫേനുകള്‍ പ്രവര്‍ത്തിക്കുന്നില്ല.അഞ്ച് ഫേനുകളില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിലെ ലാബില്‍ രണ്ട് ലാബ് ടെക്‌നീഷ്യന്മാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. എന്‍.ആര്‍.എച്.എം ഡോക്ടര്‍മാരെ പിന്‍ വലിച്ചതിനാല്‍ ഉച്ചയ്ക്ക് ശേഷം ഒ പിയും പ്രവര്‍ത്തിക്കുന്നില്ല. രാത്രി എട്ടുവരെ ഒ പി വേണമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നിലുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഒ പിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സൂപ്രണ്ട് പ്രദീപ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."