എളമരം പാലം: ഡിസംബറില്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കും
മാവൂര്‍: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതിന് ചാലിയാറിനു കുറുകെ എളമരം കടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ടെന്‍ഡര്‍ നടപടി ഡിസംബറോടെ പൂര്‍ത്തീകരിക്കാനുള്ള ഒരുക്കങ്ങളായി. അന്തിമ രൂപരേഖ തയാറാക്കി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഉന്നതതലസംഘം സ്ഥലം സന്ദര്‍ശിച്ചു.
ഏതാനും ദിവസങ്ങള്‍ക്കകം രൂപരേഖ തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 35 കോടിയുടെ കേന്ദ്രഫണ്ട് ഭരണാനുമതി ലഭിച്ച ഈ പാലത്തിനായി നേരത്തെ ഒരു ഡിസൈന്‍ തയാറാക്കിയിരുന്നു. ഇപ്പോള്‍ ഡിസൈന്‍ പുതുക്കി തയാറാക്കിയിരിക്കുകയാണ്. ഡിസൈന്‍ പുതുക്കുന്നതിന്റെയും അന്തിമമാക്കുന്നതിന്റെയും ഭാഗമായാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിച്ച് നേരിട്ട് വിലയിരുത്താനെത്തിയത്.
പാലത്തിന്റെ കരടു രൂപരേഖ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ദിവസങ്ങള്‍ക്കകം പുതുക്കിയ രൂപരേഖയും സമര്‍പ്പിക്കാനാകും. ഇതിന്റെ എസ്റ്റിമേറ്റും ഇതിനകം തയാറാക്കിയിട്ടുണ്ട്. ചാലിയാറിനുകുറുകെ 350മീറ്റര്‍ നീളത്തിലാണ് പാലം പുനര്‍നിര്‍മിക്കുക. 35 മീറ്ററിന് 10 സ്പാനുകള്‍ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുകരയിലും 200മീറ്ററോളം നീളത്തില്‍ അപ്രോച്ച് റോഡ് നിര്‍മിക്കും. മലപ്പുറം ജില്ലയില്‍ എളമരത്തുനിന്ന് എടവണ്ണപ്പാറ അപ്രോച്ച് റോഡ് 11മീറ്ററായി വീതികൂട്ടും. കോഴിക്കോട് ജില്ലയില്‍ മാവൂര്‍ ഗ്രാസിം കോംപൗണ്ടിലൂടെ കമ്പനിയുടെ എട്ടാം ഗേറ്റിന് സമീപമാണ് കൂളിമാട് റോഡില്‍ അപ്രോച്ച് റോഡ് സംഗമിക്കുക.ദേശീയപാത ഫ്‌ളൈ ഓവര്‍ബ്രിഡ്ജ് മാതൃകയില്‍ണ് എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ ഒഴിവാക്കി നൂതന രീതിയിലാണ് പാലം നിര്‍മിക്കുന്നത്. കമ്പനിക്കകത്തുകൂടെ വരുന്ന ഭാഗം കൂളിമാട് റോഡിലേക്ക് ബന്ധിപ്പിക്കുന്ന തരത്തിലാണ് നിര്‍മാണം.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ഡിസൈന്‍ ജോയിന്റ് ഡയരക്ടര്‍ എസ്. സജു, അസിസ്റ്റന്റ് ഡയരക്ടര്‍ കെ.എസ്. അരുണ്‍, ദേശീയപാത മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ഇസ്മായില്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."