സിലിയുടെ കൊലപാതക ശേഷം ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചതായി ജോളിയുടെ മൊഴി
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ ജീവന്‍ നഷ്ടമായ സിലിയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പിച്ചതായി പ്രധാന പ്രതി ജോളിയുടെ മൊഴി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ജോളി ഭക്ഷണത്തില്‍ സയനൈഡ് നല്‍കിയതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ഡന്റല്‍ ക്ലിനിക്കില്‍ വച്ചാണ് സിലി കുഴഞ്ഞ് വീണത്. പിന്നീട് ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സിലിയുടെ ആഭരണങ്ങള്‍ കൂടെയുണ്ടായിരുന്ന ജോളിക്ക് കൈമാറുകയായിരുന്നു. ഈ ആഭരണങ്ങളാണ് പിന്നീട് കാണാതായത്.
ആഭരണങ്ങള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും ഷാജുവിനും കുടുംബത്തിനും ഇതില്‍ പങ്കുള്ളതായി സംശയമുണ്ടെന്നും സിലിയുടെ ബന്ധുക്കള്‍ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ഷാജു ഈ വാദങ്ങള്‍ നിഷേധിച്ചു. 40പവനോളം വരുന്ന ആഭരണങ്ങള്‍ സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു പറഞ്ഞത്. എന്നാല്‍ സിലിയുടെ അനുജത്തിയുടെ ഒരു പവന്റെ വള സിലിയുടെ കൈവശമുണ്ടായിരുന്നു. ഈ വളയെങ്കിലും സിലി ഒരിക്കലും ഭണ്ഡാരത്തില്‍ ഇടില്ലെന്ന് ബന്ധുക്കള്‍ ഉറച്ച് പറഞ്ഞു. ആഭരണ പ്രശ്‌നം രൂക്ഷമായതോടെ ഷാജുവും ജോളിയും ചേര്‍ന്ന് ഒരു പവന്റെ പുതിയ വള വാങ്ങി സിലിയുടെ സഹോദരിക്ക് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."