മികച്ച സേവനം; ക്രൈംബ്രാഞ്ച് സി.ഐ അബ്ദുല്‍ കരീമിന് ബാഡ്ജ് ഓഫ് ഓണര്‍
മാനന്തവാടി: പുല്‍പ്പള്ളി- പട്ടാണികൂപ്പ് സ്വദേശിയായ വയനാട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുല്‍ കരീമിന് സംസ്ഥാന പൊലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരം. 2017ലെ പൊലിസിലെ വിവിധ വകുപ്പുകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിലാണ് കരീമിന്റെ പേരും ഉള്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇന്റലിജന്റ്‌സ് രംഗത്ത് കോഴിക്കോട് ജില്ലയില്‍ അനുഷ്ടിച്ച സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇന്റലിജന്റ്‌സ് വിഭാഗത്തിലെ 25 പേരുടെ പട്ടികയില്‍ വയനാട്ടുകാരന്‍ സ്ഥാനം നേടിയത്.
പൊലിസ് മെഡലുകള്‍ക്ക് മുഖ്യമന്ത്രിയും രാഷ്ട്രപതിയും നല്‍കി വരുന്ന അംഗീകാരങ്ങള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കി ശുപാര്‍ശകള്‍ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സംസ്ഥാന പൊലിസ് മേധാവി നല്‍കുന്ന അംഗീകാരങ്ങള്‍ അപേക്ഷയോ ശുപാര്‍ശകളോ ഇല്ലാതെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ടിക്കവെ തീവ്രവാദ, രാഷ്ട്ര വിരുദ്ധ മേഖലകളിലുള്ള നീക്കങ്ങളെക്കുറിച്ച് നല്‍കിയ വിവരങ്ങളാണ് ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയത്.
2005ല്‍ കോഴിക്കോട് മെഡിക്കല്‍ കേളജ് സ്‌റ്റേഷനില്‍ എസ്.ഐ ആയി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം നിരവധി വിവാദമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും പ്രതികളെ പിടികൂടാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഹോസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാരന്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം കരീമുള്‍പ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണസംഘം പ്രതിയെയും ഇടിച്ച വാഹനവും കണ്ടെത്തിയിരുന്നു. വിവാദമായ കാട്ടിക്കുളം ഇബ്രാഹിം മാസ്റ്റര്‍ കൊലപാതക കേസില്‍ 14 വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നത് കരീമുള്‍പ്പെടുന്ന അന്വേഷണ സംഘമായിരുന്നു. 2004ലെ തൊട്ടില്‍പ്പാലം കാവിലുംപാറ സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസ്, മേപ്പാടി സൈതലവി കൊലക്കേസ് തുടങ്ങിയ കേസുകളില്‍ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മാറാട് കേസ് പുനരന്വേഷണ സംഘത്തിലും അബ്ദുല്‍കരീം അംഗമായിരുന്നു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡി.എഫ്.ഒ സജ്‌നയാണ് കരീമിന്റെ ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."