അഞ്ചില്‍ നാലിടത്തും തണ്ടൊടിഞ്ഞ് താമര: അയ്യപ്പനും തുണച്ചില്ല, കേന്ദ്ര ഭരണം തിരിഞ്ഞുകുത്തി
കൊച്ചി: അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തും ബി.ജെ.പിക്ക് കനത്ത തിരിച്ചടി. വലിയ വിജയം അവകാശപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല.
എറണാകുളത്ത് 2016ല്‍ 14878 ഉം 2019ല്‍ 17769 വോട്ടുകളും ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 13351 വോട്ടുകളാണ് നേടാനായത്. അരൂരിലും ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചു.
മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരാനായതാകട്ടെ 348 വോട്ട് വര്‍ധനവിലാണ്. ശബരിമല വിഷയവും നേട്ടത്തിനേക്കാളേറെ കോട്ടമാണ് ബി.ജെ.പിക്കുണ്ടാക്കിയത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലുമായിരുന്നു ബിജെപി പ്രതീക്ഷ. വട്ടിയൂര്‍ക്കാവില്‍ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നവര്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വോട്ടുകള്‍ ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.
2016ലും 2019ലും കുമ്മനം രാജശേഖരനാണ് ബി.ജെ.പിക്കിവിടെ രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. 27453 വോട്ടുകള്‍ മാത്രമെ എസ്. സുരേഷിന് ഇത്തവണ നേടാനായുള്ളൂ. 2019ല്‍ 50709 ഉം 2016ല്‍ 43700 ഉം വോട്ടുകള്‍ ബിജെപി ഇവിടെ നേടിയിരുന്നു.
കേന്ദ്ര സര്‍ക്കാരിനോടുള്ള എതിര്‍പ്പും തിരിച്ചടിച്ചുവെന്നും വിലയിരുത്തലുണ്ട്
കെ. സുരേന്ദ്രന് മത്സരിച്ച കോന്നിയിലും നിലംതൊട്ടില്ല. സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരനായതാണ് ഈ ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏക ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."