വിദ്യാലയങ്ങളുടെ പട്ടിക നല്‍കിയില്ല; ഗോത്ര സാരഥി പദ്ധതി വൈകുന്നു
മാനന്തവാടി: അധ്യയന വര്‍ഷം ആരംഭിച്ച് ഒരുമാസത്തോടുത്തിട്ടും ആദിവാസി വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിന് വാഹനമേര്‍പ്പെടുത്തുന്ന ഗോത്രസാരഥി പദ്ധതിക്ക് മാനന്തവാടി താലൂക്കില്‍ തുടക്കമായില്ല. താലൂക്കിലെ ഗ്രാമ പഞ്ചായത്തുകളും നഗരസഭയും ട്രൈബല്‍ വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനം ആവശ്യമുള്ള വിദ്യാലയങ്ങളുടെ പട്ടിക നല്‍കാത്തതാണ് പദ്ധതി തുടങ്ങാന്‍ തടസമാകുന്നത്.
താലൂക്കില്‍ ഇത് വരെയായി തൊണ്ടര്‍നാട് പഞ്ചായത്ത് മാത്രമാണ് വിദ്യാലയങ്ങളുടെ പട്ടിക നല്‍കിയത്. മാനന്തവാടി മുനിസിപ്പാലിറ്റി ഉള്‍പ്പെടെ അഞ്ച് പഞ്ചായത്തുകള്‍ ഇനിയും ഏതൊക്കെ വിദ്യാലയങ്ങളിലാണ് പദ്ധതി പ്രകാരം വാഹനമേര്‍പ്പെടുത്തേണ്ടതെന്ന് പട്ടിക നല്‍കിയിട്ടില്ല. എല്ലാവര്‍ഷവും സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി തന്നെ ഗോത്രസാരഥി പ്രകാരം വാഹനമാവശ്യമുള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് പട്ടികവര്‍ഗ വകുപ്പ് ആവശ്യപ്പെടാറുണ്ട്. ഗ്രാമപഞ്ചായത്താണ് പട്ടിക ക്രോഡീകരിച്ച് നല്‍കേണ്ടത്.
പട്ടിക പരിശോധിച്ച് വിദ്യാലയവും കോളനിയും തമ്മിലുള്ള ദൂരവും കുട്ടികളുടെ എണ്ണവും പരിശോധിച്ചാണ് പട്ടികവര്‍ഗ വകുപ്പ് വാഹനമേര്‍പ്പെടുത്താന്‍ പി.ടി.എക്ക് അനുമതി നല്‍കേണ്ടത്. ഇതിന് ശേഷം ഒരുവര്‍ഷത്തേക്ക് വാഹനമുടമകളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ച ശേഷമാണ് കുട്ടികളെ കൊണ്ടു പോകാനായി വാഹനമേര്‍പ്പെടുത്തുന്നത്. എന്നാല്‍ കൃത്യസമയത്ത് ഗ്രാമ പഞ്ചായത്തുകള്‍ പട്ടിക നല്‍കാത്തത് കാരണം മുന്‍ വര്‍ഷവും വാഹനമേര്‍പ്പെടുത്തുന്നതിന് കാലതാമസം വന്നിരുന്നു. ഈ വര്‍ഷം ഇതൊഴിവാക്കാനായി നേരത്തെ പട്ടിക ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തുകള്‍ ഗൗരവത്തിലെടുക്കാത്തതാണ് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നത്.
വിദ്യാര്‍ഥികളെ കൊണ്ടു പോകാന്‍ കോളനികളില്‍ വാഹനമെത്താത്തത് കാരണം ഭൂരിഭാഗം കോളനികളിലെയും നാമമാത്ര വിദ്യാര്‍ഥികള്‍ മാത്രമാണ് വിദ്യാലയങ്ങളില്‍എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."