ജനങ്ങളെ ആകെ വലച്ച് ഹര്‍ത്താല്‍
തൃശൂര്‍: കെ.പി. ശശികലയെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു.
അപ്രതീക്ഷിത ഹര്‍ത്താലില്‍ നഗരത്തിലെത്തിയ യാത്രക്കാരടക്കമുള്ളവര്‍ ദുരിതത്തിലായി. റെയ്ല്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അതിരാവിലെ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തി വച്ചു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ജില്ലയിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ച് നഗരത്തില്‍ പ്രതിഷേധ നാമജപയാത്ര നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡന്റ് കെ.ജി അരവിന്ദാക്ഷന്‍, പ്രീത ചന്ദ്രന്‍, സി.കെ മധു സംസാരിച്ചു. ബി.ജെ.പി നേതാക്കളായ കെ.കെ അനീഷ്‌കുമാര്‍, രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ഹിന്ദു ഐക്യവേദി നേതാക്കളായ കെ. കേശവദാസ്,പി.കെ രാജന്‍, ഇ.ടി ബാലന്‍, ഹരി മുള്ളൂര്‍, അയ്യപ്പ സേവാ സമാജം ജില്ലാ സെക്രട്ടറി മുരളി കോളങ്ങാട്ട്, വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡന്റ് മോഹന്‍ മേനോന്‍ നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കി.പുതുക്കാട്: ഹിന്ദു ഐക്യവേദി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുതുക്കാട് മേഖലയില്‍ പൂര്‍ണം. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പുതുക്കാട് ദേശീയപാത ഉപരോധിച്ചു. ആമ്പല്ലൂരില്‍ നിന്നും പുതുക്കാട് നിന്നും പ്രകടനവുമായെത്തിയ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്‍പില്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. പൊലിസ് ഇടപ്പെട്ട് വാഹനങ്ങള്‍ സര്‍വിസ് റോഡിലൂടെ കടത്തിവിട്ടു. വി.വി രാജേഷ്, പി.ആര്‍ തിലകന്‍, സുബ്രന്‍ പൂത്തോടന്‍, സജീവന്‍ അമ്പാടത്ത് പ്രകടനത്തിന് നേതൃത്വം നല്‍കി. ദേശീയപാത ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന നൂറോളം പ്രവര്‍ത്തകര്‍ക്കെതിരേ പുതുക്കാട് പൊലിസ് കേസെടുത്തു. നന്തിക്കര,തലോര്‍ എന്നിവിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. മേഖലയില്‍ സ്വകാര്യ ബസുകളും, കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. ചില സ്ഥലങ്ങളില്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
എരുമപ്പെട്ടി: കെ.പി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയുടേയും ഹിന്ദു ഐക്യവേദിയുടേയും നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണം.
നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞ് പ്രതിഷേധം അറിയിച്ചു. എരുമപ്പെട്ടി എസ്.ഐ സുബിന്ത്, അഡീഷ്ണല്‍ എസ്.ഐ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാന സെന്ററുകളില്‍ പൊലിസ് ക്യാംപ് ചെയ്തിരുന്നു. ഹര്‍ത്താലനുകൂലികള്‍ വിവിധയിടങ്ങളില്‍ പ്രകടനം നടത്തി. ശബരിമല കര്‍മസമിതിയുടേയും ഹിന്ദു ഐക്യവേദിയുടേയും നേതൃത്വത്തില്‍ കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് മനപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനം പന്നിത്തടം സെന്ററില്‍ സമാപിച്ചു. കര്‍മ സമിതി സംയോജക് പി. ഷിജു, ഇ. ചന്ദ്രന്‍, പി.യു സനീഷ്, സുധി കിടങ്ങൂര്‍, മുരളി ആദൂര്‍, സുഭാഷ് ആദൂര്‍ നേതൃത്വം നല്‍കി. സമാപന യോഗത്തില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് എയ്യാല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഇരിങ്ങാലക്കുട: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണമായിരുന്നു.
കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. സ്വകാര്യ ബസുകള്‍ പുലര്‍ച്ചെ സര്‍വിസുകള്‍ ആരംഭിച്ചുവെങ്കിലും പിന്നീട് നിറുത്തി വച്ചു. കെ.എസ്.ആര്‍.ടി.സി യില്‍ നിന്ന് പുലര്‍ച്ചെ 5.15 ന് പതിമൂന്ന് സര്‍വിസുകള്‍ നടത്തിയെങ്കിലും ആറരയോടെ നിറുത്തി വച്ചു. വൈകിയെത്തിയ ഹര്‍ത്താല്‍പ്രഖ്യാപനം യാത്രക്കാരെ വലച്ചു. നഗരത്തിലെ വിവിധ സ്‌കൂളുകളിലായി ഇന്നലെ ആരംഭിച്ച റവന്യൂ തല ശാസ്ത്രമേള മാറ്റിവച്ചു. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദിയുടെയും കര്‍മ സമിതിയുടെയും നേത്യത്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. കര്‍മസമിതി രക്ഷാധികാരി പ്രതാപവര്‍മ്മ രാജ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല, ഇ.കെ കേശവന്‍, ഇ.പി ഉണ്ണികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ പാറയില്‍, പി.എന്‍ ജയരാജ് നേതൃത്വം നല്കി. അയ്യപ്പ നാമജപങ്ങളോടെയാണ് പ്രകടനം നടത്തുന്നത്.
ചാലക്കുടി: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാലക്കുടിയില്‍ പൂര്‍ണമായി. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. വിദ്യാലയങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വിസ് നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില ഗണ്യമായി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."