കൃഷിയും ഈ കലക്ടര്‍ക്ക് വഴങ്ങും
കൊല്ലം: കൃഷിയും ഈ കല ക്ടര്‍ക്ക് വഴങ്ങും, പ്രവൃത്തിയിലൂടെ അത് കാണിച്ചുതരികയാണ് കൊല്ലം കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.
കലക്ടര്‍ ബംഗ്ലാവിലെ തന്റെ കൃഷിയിടത്തിലെ ചീര വിളവെടുത്തതിന്റെ ആവേശത്തിലാണ് അദ്ദേഹം. ചീരയ്‌ക്കൊപ്പം വഴുതനയും വെണ്ടയും തക്കാളിയും അമരയും പയറും ഒക്കെ വിളഞ്ഞുനില്‍ക്കുന്നു. വാഴക്കൂട്ടത്തിന്റെ പച്ചപ്പും ഇവിടെയുണ്ട്. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ കൃഷിയിലേക്ക് കടന്നുവരാന്‍ തൊഴിലും പദവിയും തടസമല്ലെന്നാണ് കലക്ടറുടെ പക്ഷം. ജില്ലയുടെ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപ്പാക്കുന്ന സേഫ് കൊല്ലത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സ്വയം മാതൃക തീര്‍ക്കുകയാണ് അദ്ദേഹം. പ്രചോദനം ഉള്‍ക്കൊണ്ട് പരമാവധി പേര്‍ കൃഷിയിടങ്ങളിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അധ്യാപികയായ ഭാര്യ റുക്‌സാനയും കലക്ടര്‍ക്ക് സഹായത്തിനായുണ്ട്. ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ അരുണ്‍ എസ്. കുമാര്‍, ശരത്ത്, സെഡ്രിക്ക്, ഐറിന്‍ എന്നിവരാണ് സാങ്കേതിക സഹായം നല്‍കുന്നത്. വിളവെടുപ്പില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സിബി ജോസഫ് പേരയില്‍, ഹരിതകേരള മിഷന്‍ കോഡിനേറ്റര്‍ എസ്. ഐസക്, കൃഷി ഓഫിസര്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എത്തിയവര്‍ക്കൊക്കെ ചീര നല്‍കാനും കലക്ടര്‍ മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."