അമിത വൈദ്യുതി പ്രവാഹം; ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
മുക്കം: അമിത വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് മുക്കം നഗരസഭയിലെ മുത്തേരിയില്‍ ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ഓമശ്ശേരി ഇലക്ട്രിസിറ്റി സെക്ഷന് കീഴിലുള്ള മുത്തേരി അങ്ങാടിയില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള അമിത വൈദ്യുതി പ്രവാഹം മൂലമാണ് നാട്ടുകാര്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. മുത്തേരിയിലെ പണിയായുധങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി ഉള്‍പ്പെടെ 14 വീടുകളിലെ വീട്ടുപകരണങ്ങളാണ് നശിച്ചത്. ടി.വി, ഫ്രിഡ്ജ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ബള്‍ബുകള്‍, ടോര്‍ച്ചുകള്‍ എന്നീ ഉപകരണങ്ങളാണ് കൂടുതലായും കത്തിനശിച്ചത്. ജയരാജന്‍ പാലക്കുളങ്ങര, ഗോപാലന്‍ പാലക്കുളങ്ങര, വസന്തന്‍ മുത്തേരി, അനിത മുത്തേരി, കിഴക്കുവീട്ടില്‍ രാജന്‍, പി.കെ മോഹന്‍ ബാബു, പി.കെ ലാലു, പി.കെ ബിജു എന്നിവര്‍ക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചത്. സംഭവം നടന്ന വീടുകളിലെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്താത്ത കെ.എസ്.ഇ.ബി അധികൃതരുടെ നടപടിയില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."