ശബരിമല; ലക്ഷ്യം വോട്ടുബാങ്ക്: പി.വി അബ്ദുല്‍ വഹാബ് എം.പി
നിലമ്പൂര്‍: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സി.പി.എമ്മും, ബി.ജെ.പിയും ചേര്‍ന്ന് ശബരിമല വിഷയം സങ്കീര്‍ണമാക്കിയതെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രയുടെ പ്രചരണാര്‍ഥം യൂത്ത് ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് അസംബ്ലി ചന്തക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സങ്കീര്‍ണമായി നിലനിര്‍ത്തുകയെന്നത് ബി.ജെ.പി ആഗ്രഹിക്കുന്നു.
വിശ്വാസികളെ തെരുവിലിറക്കി മുതലെടുക്കുകയാണ് സംഘ് പരിവാര്‍. അതേ സമയം ബി.ജെ.പിക്ക് നിലമൊരുക്കുന്ന സമീപനമാണ് സി.പി.എമ്മും, സര്‍ക്കാറും ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിലൂടെ വീണ്ടും അധികാരത്തിലെത്താമെന്ന മോഹമാണ് സി.പി.എമ്മിനെ നയിക്കുന്നത്. ഇതിന് വലിയ തിരച്ചടി സി.പി.എമ്മിന് നേരിടേണ്ടിവരും. രാജ്യത്ത് ഫാസിസ്റ്റ് ഭരണം ഇല്ലാതാക്കാന്‍ പ്രതിപക്ഷം കൈകോര്‍ക്കുമ്പോള്‍ കേരളത്തില്‍ സി.പി.എം അവര്‍ക്ക് പാതയോരുക്കുവാന്‍ ശ്രമിക്കുന്നത് വലിയ ദ്രോഹമാണെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കിയ മണ്ഡലത്തിലെ വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ പാസിംഗ് ഔട്ട്പരേഡും ചടങ്ങില്‍ നടന്നു. പി.വി അബ്ദുല്‍ വഹാബ് എം.പി സെല്യൂട്ട് സ്വീകരിച്ചു. ക്യാപ്റ്റന്‍ എ.പി ഫൈസല്‍, കോഓര്‍ഡിനേറ്റര്‍ കെ.ടി ശരീഫ് എന്നിവര്‍ വൈറ്റ്ഗാര്‍ഡ് പരേഡിനെ നയിച്ചു. നിലമ്പൂര്‍ കോടതിപ്പടിമുതല്‍ ചന്തക്കുന്ന് ബസ്സ്റ്റാന്റ് വരെ വൈറ്റ്ഗാര്‍ഡ് പരേഡും, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു. പൊതു സമ്മേളനത്തില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി ശരീഫ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായീല്‍ മൂത്തേടം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലി, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.ടി കുഞ്ഞാന്‍, സി.എച്ച് ഇഖ്ബാല്‍, ജസ്മല്‍ പുതിയറ, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഫവാസ് പൂന്തിരുത്തി, സി.അന്‍വര്‍ ഷാഫി, സി.എച്ച് അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു. ദിലീപ് പോത്തുകല്‍, കെ.പി റമീസ്, ബക്കര്‍ ചീമാടന്‍, മുജീബ് എരഞ്ഞിക്കല്‍, മാനു, ജംഷീദ് മൂത്തേടം, സാജിദ്, കെ.ടി സൈതലവി എന്നിവര്‍ പ്രകടത്തിന് നേതൃത്വം നല്‍കി.
വഹാബിനെ തഴഞ്ഞ് കോണ്‍ഗ്രസ്; ഡി.സി.സി പ്രസിഡന്റിനെ പരിഗണിച്ച് ലീഗ്
നിലമ്പൂര്‍: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിച്ച വിശ്വാസ സംരക്ഷണയാത്രയ്ക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തിലേക്ക് മുസ്‌ലിം ലീഗ് അഖിലേന്ത്യ ട്രഷററും എം.പി.യുമായ പി.വി.അബ്ദുല്‍ വഹാബിനെ ക്ഷണിക്കാതെ തഴഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന് മധുരമായി പ്രതികാരം തീര്‍ത്ത് മുസ്‌ലിം യൂത്ത് ലീഗ്.
യൂത്ത് ലീഗിന്റെ പരിപാടിയില്‍ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയതാണ് ശ്രദ്ധേയമായത്. കോണ്‍ഗ്രസ് ലീഗിനോട് കാണിച്ച അവഗണനക്ക് മധുരമായ പ്രതികാരമാണ് യൂത്ത് ലീഗ് ഇതിലൂടെ നല്‍കിയത്. കെ. സുധാകരന്‍ നയിച്ച യാത്രയില്‍ കൊണ്ടോട്ടിയില്‍ കെ.എന്‍ എ ഖാദറും, വണ്ടൂരില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തിരുന്നുവെങ്കിലും ലീഗ് ദേശീയ ട്രഷററും രാജ്യസഭ എം.പിയുമായ പി.വി അബ്ദുല്‍ വഹാബ് സ്ഥലത്തുണ്ടായിരിക്കേ നിലമ്പൂരിലെ സ്വീകരണ സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നില്ല. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രയുടെ പ്രചരണാര്‍ഥം കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി ചന്തക്കുന്നില്‍ സംഘടിപ്പിച്ച യൂത്ത് അസംബ്ലിയില്‍ ഉദ്ഘാടനകനായ പി.വി അബ്ദുല്‍ വഹാബ് എം.പിക്കൊപ്പം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന് മാന്യമായി ഇരിപ്പിടം യൂത്ത് ലീഗ് ഒരുക്കിയിരുന്നു. എം.പി പ്രസംഗിച്ചതിന് ശേഷം പ്രകാശിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.
മുസ്‌ലിംലിഗിനെ പരമാവധി പ്രശംസിച്ചാണ് ഡി.സി.സി പ്രസിഡന്റ് വേദി വിട്ടത്. അതേസമയം ലീഗ് കാണിച്ച മാന്യത കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി മാറി. കോണ്‍ഗ്രസിനകത്തെ ഭിന്നതയും കെ.സുധാകരന്റെ സ്വീകരണ വേദിയില്‍ പ്രകടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."