കരമനയിലെ കൂട്ടമരണങ്ങള്‍ ദുരൂഹതയേറുന്നു, കൂടത്തായിയെ വെല്ലുന്ന അപസര്‍പ്പക കഥ ?
തിരുവനന്തപുരം: കാലടി കുളത്തറ കൂടം ഉമാമന്ദിരത്തില്‍ ജയമാധവന്റെയും കുടുംബാംഗങ്ങളുടേയും മരണത്തില്‍ ദുരൂഹതയേറുന്നു. ജയമാധവന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ജയമാധവന്‍, കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നല്‍കിയതെന്ന് കരുതപ്പെടുന്ന വില്‍പ്പത്രത്തിന്റെ പകര്‍പ്പും, ആദ്യം കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള രവീന്ദ്രന്റെ ആരോപണവും ഇന്നലെ പുറത്തുവന്നു.
ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്റെ മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഒന്നരവര്‍ഷത്തോളം പൊലിസ് ഒന്നും ചെയ്തില്ല. അതേസമയം ആരോപണ വിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരേ ജയമാധവന്റെ കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തി.
ജയമാധവന്റെ മൃതദേഹത്തില്‍ പരുക്കുണ്ടായിരുന്നിട്ടും അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നിലത്തുവീണ് മരിച്ചതാണെന്ന് കാര്യസ്ഥനടക്കമുള്ളവര്‍ നാട്ടുകാരോട് പറഞ്ഞതിനാലാവാം നെറ്റിയിലും മുഖത്തുമുണ്ടായിരുന്ന ചെറിയ പരുക്കുകളെ അന്വേഷണ സംഘം അവഗണിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് പരുക്കില്ലെങ്കിലും ഇവയുടെ ശാസ്ത്രീയ പരിശോധന ഫലം വന്നാല്‍ മാത്രമേ, മരണകാരണത്തില്‍ വ്യക്തത വരൂ എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞും ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസ് കൈപ്പറ്റിയിട്ടില്ല.
ദുരൂഹ മരണത്തില്‍ അന്വേഷണം വേണമെന്ന് ഒരു വര്‍ഷം മുന്‍പ് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയെടുക്കാനും പൊലിസ് തയാറായില്ല. ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. അതേസമയം, പുതിയ അന്വേഷണ സംഘം ഈ ഫലം ലഭിക്കാനായി നാളെ തന്നെ ലാബില്‍ കത്ത് നല്‍കും.
ഇതിനിടെ, കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ക്കെതിരേ മരിച്ച ജയമാധവന്റെ അടുത്ത ബന്ധു ആനന്ദവല്ലി രംഗത്തെത്തി. കുടുംബത്തിലെ ആരുടെയും മരണവിവരം കാര്യസ്ഥന്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കൂടം തറവാട്ടിലെ ബന്ധുവായ ആനന്ദവല്ലിയുടെ ആരോപണം.
സ്വത്ത് എഴുതിവച്ചതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു. യാദൃശ്ചികമായി അവിടെ എത്തിയപ്പോഴാണ് ജയമാധവന്‍ മരിച്ച വിവരം അറിഞ്ഞത്.
സഹോദരി ജയശ്രീയുടെ മരണത്തിലും സംശയം ഉണ്ടായിരുന്നതായി മറ്റൊരു ബന്ധു ഹരികുമാര്‍ നായര്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇന്ന് കേസില്‍ അന്വേഷണം തുടങ്ങും.
കൂടത്തില്‍ കുടുംബത്തിന്റെ മുഴുവന്‍ സ്വത്തുവകകളും തിട്ടപ്പെടുത്തുന്നതിനായി റവന്യൂ, രജിസ്‌ട്രേഷന്‍ വിഭാഗങ്ങള്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കും. ബന്ധുക്കള്‍ എന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയും വരും ദിവസങ്ങളില്‍ പൊലിസ് ചോദ്യം ചെയ്യും.
അതേസമയം, ആദ്യം പരാതി നല്‍കിയപ്പോള്‍ കേസന്വേഷിച്ച പൊലിസുകാരന്‍ തന്നോട് കോഴ ചോദിച്ചെന്ന് ആരോപിച്ച് കൂടത്തില്‍ വീട്ടിലെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ രംഗത്തെത്തി. ക്രൈംബ്രാഞ്ച് എസ്.ഐ ആയിരുന്ന ശശിധരന്‍ പിള്ളയെന്ന പൊലിസുകാരനാണ് തന്നോട് അഞ്ച് സെന്റ് സ്ഥലം തന്നു കൂടേയെന്ന് കോഴ ചോദിച്ചത്. ഇത് ചൂണ്ടിക്കാട്ടി, ആദ്യ അന്വേഷണ സംഘത്തിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നതായി രവീന്ദ്രന്‍ നായര്‍ പറയുന്നു.
ഇതിനിടെ ജയമാധവന്‍ നായര്‍ എഴുതിയതെന്ന് പറയപ്പെടുന്ന വില്‍പ്പത്രം അന്വേഷണ സംഘത്തിന് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."