മരട് ഫ്‌ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാര വിതരണം കോടതിയുടെ അനുകൂല നിലപാട്: ആശ്വാസത്തില്‍ ഫ്‌ളാറ്റുടമകള്‍
.
കൊച്ചി: തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയില്‍ സുപ്രിംകോടതി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ ആശ്വാസത്തില്‍ ഫ്‌ളാറ്റുടമകള്‍. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നഷ്ടപരിഹാരവും ആനുകൂല്യവും തേടി ഫ്‌ളാറ്റുടമകള്‍ ഇന്ന് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മിഷനെ സമീപിക്കുകയും ചെയ്യും. തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതിന്റെ പേരില്‍ സുപ്രിംകോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാരാണ് കൂടുതല്‍ നഷ്ടപരിഹാരത്തിന് ഇന്ന് നടപടികള്‍ സ്വീകരിക്കുക. താമസം ഒഴിയേണ്ടിവന്ന ഫ്‌ളാറ്റുടമകള്‍ക്ക് ഓരോരുത്തര്‍ക്കും 25ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടപ്പോള്‍ തന്നെ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാം നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ നിയോഗിക്കപ്പെട്ട ബാലകൃഷ്ണന്‍ നായര്‍ കമ്മിഷന്‍ വിലയാധാരത്തിന്റെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിച്ചത്. എന്നാല്‍ ഇതേതുടര്‍ന്ന് പലര്‍ക്കും പതിനൊന്ന് ലക്ഷം രൂപയും മറ്റുമാണ് നഷ്ടപരിഹാരമായി കിട്ടിയത്. ഇതിനെതിരേ ഫ്‌ളാറ്റുടമകള്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ പത്ത് വര്‍ഷം മുന്‍പ് നടന്ന രജിസ്‌ട്രേഷന്‍ സമയത്തെ വില ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും ഫ്‌ളാറ്റുടമകള്‍ക്കെല്ലാവര്‍ക്കും വിവേചനമില്ലാതെ 25ലക്ഷം രൂപവീതം നല്‍കണമെന്നും നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനായി ഫ്‌ളാറ്റുടമകള്‍ ഇനിയും രേഖകളുമായി കമ്മിഷനെ സമീപിക്കേണ്ടതില്ല.
നല്‍കിയ തുകയുടെ ബാക്കി നേരത്തെ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഉടമകളുടെ അക്കൗണ്ടില്‍വരും. ഇതിനുപുറമെ ഫ്‌ളാറ്റ്‌സമുച്ചയങ്ങളിലെ പൊതുസൗകര്യങ്ങളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഫ്‌ളാറ്റുടമകളുടെ അസോസിയേഷന്‍ സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു. ലിഫ്റ്റ്, ജിംനേഷ്യം, ജനറേറ്റര്‍ തുടങ്ങിയ പൊതുസൗകര്യങ്ങളുടെ കാര്യത്തിലാണ് അസോസിയേഷന്‍ അവകാശവാദം ഉന്നയിച്ചത്. ഇതിനെ എതിര്‍ക്കാതിരുന്ന സുപ്രിംകോടതി, ഇക്കാര്യത്തില്‍ ബാലകൃഷ്ണന്‍ നായര്‍ കമ്മിഷന് തീരുമാനമെടുക്കാവുന്നതാണെന്ന് നിര്‍ദേശിച്ചതായി അസോസിയേഷന് വേണ്ടി ഹാജരായ അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇതിനായി അസോസിയേഷന്‍ ഇന്ന് കമ്മിഷന്‍ മുന്‍പാകെ പ്രത്യേക അപേക്ഷ നല്‍കും.
ഫ്‌ളാറ്റുകളിലെ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിന് അനുവദിച്ചിരുന്ന സമയപരിധിക്കകം എത്താന്‍ കഴിയാതിരുന്ന, വിദേശത്തുള്ള ഫ്‌ളാറ്റുടമകളുടെ കാര്യത്തിലും അനുകൂല നിലപാടാണ് ഉണ്ടായത്. ഇവര്‍ നേരത്തെ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇവരും സുപ്രിംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തിലും കമ്മിഷന് തീരുമാനമെടുക്കാമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് ഇന്ന് അരഡസനിലധികം ഫ്‌ളാറ്റുടമകള്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാകുമെന്നാണ് സൂചന. ഇത്തരത്തില്‍ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിന് അനുമതി കിട്ടുന്നവരെ സഹായിക്കുന്നതിനായി ഫ്‌ളാറ്റുടമകള്‍ തന്നെ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം മരടില്‍ ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."