കെ.എസ്.ആര്‍.ടി.സിയിലെ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം;മലമല്‍ക്കാവ് നിവാസികള്‍ക്ക് യാത്രാദുരിതം
പട്ടാമ്പി: കെ.എസ്.ആര്‍.ടി.സി.യിലെ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരവും ഇന്ധനവില വര്‍ധനയും മൂലം ദുരിതത്തിലായിരിക്കുകയാണ് ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് നിവാസികള്‍. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പെട്ട ഈ പ്രദേശത്തേക്ക് ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് വെട്ടിച്ചുരുക്കിയതാണ് ഇവരുടെ പ്രധാന പ്രശ്‌നം.
രാവിലെ ആറിന് പാലക്കാട്ടുനിന്ന് കുറ്റിപ്പുറത്തേക്ക് യാത്രയാരംഭിക്കുന്ന ബസാണ് സര്‍വിസ് വെട്ടിച്ചുരുക്കിയത്. രാവിലെ പാലക്കാട്ടുനിന്ന് പുറപ്പെട്ട് വൈകീട്ട് തിരിച്ചുപോകുന്നതുവരെ പട്ടാമ്പിക്കും കുറ്റിപ്പുറത്തിനുമിടയില്‍ ഈ ബസിന് രണ്ട് ട്രിപ്പുകള്‍ ഉണ്ടായിരുന്നു. അവസാന ട്രിപ്പില്‍ കുറ്റിപ്പുറത്തുനിന്ന് പുറപ്പെട്ട് 4.30ഓടെ മലമല്‍ക്കാവിലെത്തുകയും പട്ടാമ്പി വഴി നേരെ പാലക്കാട്ടേക്ക് പോകുകയും ചെയ്യും. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം വന്നതോടെ ഈ ബസ്സിന്റെ കുറ്റിപ്പുറം-പട്ടാമ്പി റൂട്ടിലുള്ള ട്രിപ്പുകള്‍ നിര്‍ത്തി.
രാവിലെ പാലക്കാട്ടുനിന്നുവന്ന് ഉച്ചതിരിഞ്ഞ് തിരിച്ചുപോകുന്നത് മാത്രമായി ട്രിപ്പുകള്‍. ഇതോടെ പകല്‍ സമയത്ത് തൃത്താല, കുമ്പിടി ഭാഗങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകള്‍ ഇല്ലാതായി. കൂനിന്മേല്‍ കുരുവെന്നപോലെ കുമ്പിടി-ഗുരുവായൂര്‍ റൂട്ടിലോടിയിരുന്ന സ്വകാര്യബസ്സും ഒന്നരമാസമായി സര്‍വീസ് നടത്തുന്നില്ല. ഇതോടെ മൂന്ന് ട്രിപ്പുകള്‍കൂടി നഷ്ടമാവുകയും മേഖലയിലെ യാത്രാദുരിതം വര്‍ധിക്കുകയും ചെയ്തു. നിലവില്‍ വൈകീട്ട് 4.30നുള്ള കെ.എസ്.ആര്‍.ടി.സി പോയാല്‍ ഇവിടെനിന്ന് തൃത്താലക്ക് ബസില്ല. ആറുമണി കഴിഞ്ഞാല്‍ കുമ്പിടിക്കും ബസില്ല. പലപ്പോഴും കിലോമീറ്ററുകളോളം ഓട്ടോറിക്ഷ വിളിച്ചാണ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ വീടെത്തുന്നത്. പട്ടാമ്പി-തൃത്താല കോളജുകള്‍, തൃത്താല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൂറ്റനാട് ഭാഗം എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, മറ്റ് സാധാരണക്കാര്‍ എന്നിവരൊക്കെ ദുരിതത്തിലാണ്.
വെട്ടിച്ചുരുക്കിയ സര്‍വിസുകള്‍ പുനഃസ്ഥാപിക്കണമെന്നുകാണിച്ച് നാട്ടുകാര്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്കും ഗതാഗതവകുപ്പ് മന്ത്രിക്കും കെ.എസ്.ആര്‍.ടി.സി എം.ഡിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. കെ.എസ്.ആര്‍.ടി.സി സര്‍വിസും സ്വകാര്യ ബസ് സര്‍വീസും നിര്‍ത്തിയത് പുനഃസ്ഥാപിക്കണമെന്ന് പരാതിക്കാരനായ ശശി മലമല്‍ക്കാവ് ആവശ്യപ്പെട്ടു.
അതെ സമയം നിലവിലെ സിംഗിള്‍ ഡ്യൂട്ടി സംവിധാനം വച്ച് നഷ്ടമായ ട്രിപ്പ് പുനഃസ്ഥാപിക്കാനാവില്ല. ഇതിനായി പുതിയൊരു ബസുകൂടി വേണ്ടിവരും. മാത്രമല്ല ഡിപ്പോയില്‍ ബസുകള്‍ക്കും സ്‌പെയര്‍പാര്‍ട്‌സിനും ക്ഷാമമുണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."