യു.പിയിലും എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം
ലഖ്‌നൗ: ബിഹാറില്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ ഇടഞ്ഞുതന്നെ നില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശിലും എന്‍.ഡി.എ മുന്നണിയില്‍ ഭിന്നത രൂക്ഷം. ബി.ജെ.പിയും സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) യും തമ്മിലുള്ള തര്‍ക്കമാണ് ദിനംപ്രതി രൂക്ഷമാകുന്നത്.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള ഓപ്പണ്‍ സ്‌കൂളിനു നല്‍കുന്ന ഫണ്ട് നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ഇന്നലെ എസ്.ബി.എസ്.പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ഓംപ്രകാശ് രാജ്ബാര്‍ രൂക്ഷമായ വിമര്‍ശനമാണുന്നയിച്ചത്.
ഏറെ നാളായി ബി.ജെ.പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ നിലപാട് സ്വീകരിച്ച ഓംപ്രകാശ്, മുന്നണി വിട്ടേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. സംസ്ഥാന ബി.ജെ.പിക്കെതിരേ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിക്കുന്നുണ്ട്.
മന്ത്രിയുടെ നിരന്തരമായ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ 'അനിവാര്യമായ ആപത്ത് ' എന്നാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിനെക്കുറിച്ചു പറഞ്ഞത്. ഇതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാതൃകാപരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയ രംഗത്ത് അവര്‍ പ്രത്യേകമായ രാജപാതയിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ അതിനിടയില്‍ അനിവാര്യമായ ആപത്ത് തങ്ങളെ അനുഗമിക്കുന്നുണ്ടെന്നായിരുന്ന മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞത്.
അതേസമയം, ബി.ജെ.പി അധ്യക്ഷന്റെ ആരോപണത്തോടു പ്രതികരിക്കാന്‍ തയാറാകാതിരുന്ന മന്ത്രി ഓംപ്രകാശ്, ഭിന്നശേഷിക്കാരായ ജനങ്ങളുടെ ശാക്തീകരണത്തിനു ബജറ്റില്‍ ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. പല ആഘോഷങ്ങള്‍ക്കും ലക്ഷങ്ങളും കോടികളുമാണ് ചെലവഴിക്കുന്നത്.
അലഹബാദില്‍ അടുത്ത വര്‍ഷം നടക്കുന്ന ഒരു മത സമ്മേളനവും കോടികള്‍ ചെലവഴിച്ചു നടത്താനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍, സാമൂഹികമായ മുന്നേറ്റത്തിനു സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."