തിരുച്ചെങ്കോട്ടെ ആചാരങ്ങള്‍
നാമക്കല്‍ ജില്ലയിലെ വ്യവസായ നഗരമായ തിരുച്ചെങ്കോട് താഴ്‌വര നിറയെ യന്ത്രങ്ങളുടെ മുരള്‍ച്ചയാണ്. അതിതാപത്തില്‍ ഭൂമിയും മനുഷ്യരും വരണ്ടു വിണ്ടുകീറുമ്പോഴും കഠിനാധ്വാനം ജീവിതരീതിയാക്കിയ പച്ചമനുഷ്യരുടെ നാട്. ഇവിടെ നിന്നാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു യന്ത്രങ്ങളുടെ അസംസ്‌കൃത വസ്തുക്കളും ലോറികളുടെയും ബസുകളുടെയും ബോഡിയും കയറ്റി അയക്കുന്നത്. തുണി വ്യവസായവും ഗ്രാനൈറ്റ് ഫാക്ടറിയുമടക്കം വ്യവസായ മേഖല അതിശീഘ്രം മുന്നോട്ടുപോയ ദേശങ്ങളിലൊന്ന്. ഠവല ആീൃലംലഹഹ വൗയ ീള കിറശമ എന്നാണ് ഈ നാട് ഇന്നറിയപ്പെടുന്നത്. ഈ ചെറുനഗരത്തില്‍ നിന്നു മാത്രം 10,000ത്തോളം കുഴല്‍ കിണര്‍ നിര്‍മാണ വാഹനങ്ങളാണ് ഇന്ത്യയുടെ നാനാദിക്കുകളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്നും പുറപ്പെടുന്നത്. സാധാരണക്കാരായ സാധുമനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ഗ്രാമീണ ജീവിതത്തിന്റെ ശാലീനതയില്‍ നിന്നു ക്രമേണ നഗരജീവിതത്തിന്റെ പിടിപ്പുകേടിലേക്ക് ആഴ്ന്നിറങ്ങേണ്ടി വന്ന തമിഴ് മക്കള്‍ സ്വന്തം ജീവിതത്തെതന്നെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു രാപ്പകലുകള്‍ ഭേദമില്ലാതെ പണിശാലകളില്‍ അധ്വാനിക്കുന്നതു കാണുമ്പോള്‍ മനസിലേക്ക് ഓടിക്കയറിയത് കേരളീയ ജീവിതത്തിന്റെ നിറപ്പകിട്ടാര്‍ന്ന അന്തസിന്റെ ചിത്രമാണ്. നഗരത്തിലൂടെയും നഗരത്തിനു പുറത്തുള്ള തനി പഴഞ്ചന്‍ ഗ്രാമങ്ങളിലൂടെയും കടന്നുപോവുമ്പോള്‍ മനുഷ്യ ജീവിതത്തിന്റെ വിവിധ തലങ്ങളെ താരതമ്യപഠനം നടത്താന്‍ സാധിക്കും. ജീവിതത്തോടും അതിന്റെ ചുറ്റുപാടുകളോടും നാം പുലര്‍ത്തുന്ന കാഴ്ചപ്പാടുകളില്‍ നിന്നു തുലോം വ്യതിരക്തമാണ് ഇവിടത്തുകാരുടേതെന്ന് അല്‍പം അത്ഭുതത്തോടെയാണു തിരിച്ചറിഞ്ഞത്. വീട് കേവലം വാസയോഗ്യമായ ഒരിടം എന്നതിനപ്പുറത്ത് ആര്‍ഭാടങ്ങളുടെയും അഹങ്കാരങ്ങളുടെയും കാഴ്ചപ്പുറങ്ങളല്ല ഇവര്‍ക്ക്. ഹെക്ടര്‍ കണക്കിനു ഭൂമിയില്‍ കൃഷി നടത്തുന്ന മുതലാളിമാരും വലിയ വ്യവസായ കേന്ദ്രങ്ങളുടെ അധിപന്മാരും അധിവസിക്കുന്ന ഭവനങ്ങള്‍പോലും സാധാരണക്കാരില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. പുറംമോടികളില്‍ അല്‍പം പോലും വിശ്വാസമില്ലാത്ത ഇവര്‍ തങ്ങളുടേതായ ജോലികളില്‍ വ്യാപൃതരായിരിക്കുന്നതു കാണാം.
ഹിന്ദു പുരാണങ്ങളില്‍ തിരുകോടി മാട ചെന്‍കുണ്ടറൂര്‍ എന്നറിയപ്പെട്ടിരുന്ന ദേശം ക്രമേണ ചുവന്ന കുന്നുകളുടെ നാട് എന്നര്‍ഥം വരുന്ന തിരുച്ചെങ്കോടായി മാറുകയായിരുന്നു. 2,000 വര്‍ഷം പഴക്കമുള്ള അര്‍ധനാരീശ്വരര്‍ ക്ഷേത്രം തന്നെയാണ് ഇവിടത്തുകാരുടെ ഐശ്വര്യം. സമുദ്രനിരപ്പില്‍ നിന്ന് 2,000 അടി ഉയരത്തില്‍ ചുവന്ന കരിങ്കല്‍ കുന്നിനു മുകളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിനെ ചുറ്റിപ്പറ്റിയാണ് ഇവിടത്തെ 95.88 ശതമാനം ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്നത്. ഭഗവാന്‍ ശിവന്റെ 64-ാം അവതാരമാണീ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അര്‍ധനാരീശ്വരന്‍ അഥവാ ആണ്‍പാതി, പെണ്‍പാതിയാണീ ശിവപ്രതിരൂപം. കരിങ്കല്‍ കുന്നുകള്‍ക്കു മുകളില്‍ ദ്രവീഡിയന്‍ വാസ്തുശില്‍പത്തിന്റെ നിര്‍മാണ സൗന്ദര്യം വിളിച്ചോതി അര്‍ധനാരീശ്വരന്‍ ക്ഷേത്രം ആയിരക്കണക്കിനു സഞ്ചാരികളെയും വിശ്വാസികളെയും ഇന്നും ആകര്‍ഷിക്കുന്നു. പഴയ പട്ടണത്തിന്റെ പ്രവേശനഭാഗത്തുനിന്നു മുകളിലേക്കു പുറപ്പെടുന്ന 1,156 പടിക്കെട്ടുകള്‍ കയറി ദര്‍ശന പുണ്യം നേടാനെത്തിയ വിശ്വാസികള്‍ ഒരുപാടുണ്ടിവിടെ. ക്ഷേത്രത്തിലേക്ക്ു ചുരം കണക്കെ കരിങ്കല്‍ മലയില്‍ കൊത്തിയുണ്ടാക്കിയ റോഡ് മനുഷ്യനിര്‍മിതിയിലെ അപൂര്‍വതകളിലൊന്നായി കണക്കാക്കാം. മുകളില്‍ നിന്നു തിരുച്ചെങ്കോട് നഗരത്തിന്റെ പനോരമിക് വ്യൂ അവാച്യമായ കാഴ്ചാനുഭവം പകരുന്നതാണ്.
പൂര്‍ണ കരിങ്കല്‍ ക്ഷേത്രമെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ക്ഷേത്രത്തിന്റെ കവാടവും തൂണുകളും ചുമരുകളും നിലവും കരിങ്കല്ലിലാണു തീര്‍ത്തിരിക്കുന്നത്. കരിങ്കല്ലില്‍ പണിതുവച്ച കൊത്തുവേലകളും ശ്ലോകങ്ങളും പുരാതന കാലത്തെ നിര്‍മാണ കലയുടെ ഔന്നത്യം വിളിച്ചുപറയുന്നതാണ്. പുറത്തെ കത്തിയെരിയുന്ന സൂര്യന്റെ കഠിനചൂടിലും ക്ഷേത്രത്തിനകം ഭക്തിയുടെ കുളിര് ചൊരിയുന്നുണ്ടായിരുന്നു.
64 വിഷമൂലികള്‍ കൊണ്ടു നിര്‍മിച്ച ഈ ശിവപ്രതിരൂപത്തെ ആരാധിച്ചാല്‍ കുടുംബത്തില്‍ സമൃദ്ധിയും ഒരുമയും വര്‍ധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കൂടാതെ, കന്യകകള്‍ക്കു മംഗല്യഭാഗ്യവും അതിവേഗമാവുമത്രെ. വൈശാഖി മാസത്തില്‍ തിരുച്ചെങ്കോടിന്റെ മഹോത്സവം പോലെ ക്ഷേത്രത്തിലെ തേര് നടക്കും. 10 ദിവസം നീണ്ടുനില്‍ക്കുന്ന വൈശാഖി വൈശാഖം തമിഴ്‌നാടിന്റെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. ഈ സമയത്തു ക്ഷേത്രത്തിലെ മുരുക പ്രതിഷ്ഠയായ ചെങ്കോട്ടുവേലവര്‍ മലയിറങ്ങി ഊരുകളും ഗ്രാമങ്ങളും കയറിയിറങ്ങും. ഏഴു ദിവസത്തിനു ശേഷം തിരിച്ചു മലകയറുന്ന നാള്‍ വിശ്വാസികള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഈ കുന്നിന്‍മുകളില്‍ രാത്രി കഴിച്ചുകൂട്ടും. ഇത് ഇവരുടെ ആചാരത്തിന്റെ ഭാഗമാണ്. ഇതിനെയാണ് പെരുമാള്‍ മുരുകന്‍ തന്റെ നോവലായ 'മാതൊരുഭാഗനി'ല്‍ ദുരാചാരം നടക്കുന്നതായി ചിത്രീകരിച്ചതും തുടര്‍ന്നു വിവാദമായതും. 100 കൊല്ലങ്ങള്‍ക്കു മുന്‍പുള്ള കാലഘട്ടത്തിലാണു നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്. കുട്ടികളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യഉത്സവ രാത്രിയില്‍ ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ശയിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്യുന്ന ആചാരം ഇവിടെ പണ്ടുണ്ടായിരുന്നുവത്രെ. മുരുകന്റെ നോവലിലെ നായികയ്ക്കു കുട്ടികളില്ല. ഭര്‍ത്താവിനു താല്‍പര്യമില്ലെങ്കിലും വൈശാഖി വൈശാഖം രഥോത്സവത്തിന്റെ ദിവസം പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തിന് അവള്‍ പോകുന്നതാണു നോവലിലെ കഥ.
ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച് ഒരു സമൂഹത്തിന്റെ വിശ്വാസത്തെ അപമാനിക്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്നാണു ക്ഷേത്ര നടത്തിപ്പ് കമ്മിറ്റിയില്‍ അംഗമായ ടി.എസ് കൃപാകരന്റെ അഭിപ്രായം. ഇതിനെതിരേ ഒരു പ്രദേശമൊന്നാകെ പ്രതിഷേധത്തിന്റെ അഗ്നിജ്വാല തീര്‍ത്തു. ഹര്‍ത്താലും ബന്ദും പരിചയമില്ലാത്ത ഇവിടത്തുകാര്‍ക്കു ദിവസങ്ങളോളം കുടിവെള്ളം പോലും ഹര്‍ത്താലില്‍ കുടുങ്ങി. പാതയോരങ്ങള്‍ സമരക്കളമായി. ശേഷം അധികാരികളുടെയും നഗരത്തിലെ പ്രമുഖരുടെയും മുന്‍പില്‍ എഴുത്തുകാരന്‍ മാപ്പു പറഞ്ഞതോടെയാണ് തിരുച്ചെങ്കോട് പൂര്‍വസ്ഥിതിയിലേക്കു മടങ്ങിയത്. നാമക്കല്‍ ജില്ലാ ഭരണകൂടം നോവല്‍ നിരോധിച്ചു. അതേതുടര്‍ന്നു മുരുകന്‍ എഴുത്തു നിര്‍ത്തുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ജില്ലാ ഭരണകൂടത്തിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചതും തുടര്‍ന്ന് എഴുത്തിലേക്കു തിരിച്ചുവരികയാണെന്ന സൂചന മുരുകന്‍ നല്‍കിയതും കഴിഞ്ഞ ദിവസമാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കേണ്ടതാണെങ്കിലും ഒരു സമൂഹത്തിന്റെ നന്മ നിറഞ്ഞതെന്ന് അവര്‍ കരുതുന്ന ആചാരങ്ങളെ അതിശയോക്തി കലര്‍ത്തി ഇല്ലാകഥകള്‍ കൂട്ടിച്ചേര്‍ത്ത് അനാശാസ്യത്തിന്റെ വര്‍ണനകള്‍ ചേര്‍ക്കുമ്പോള്‍ അവരുടെ ആത്മീയ മനസിനു മുറിവേല്‍ക്കുമെന്ന ബോധം ഇല്ലാതാവാന്‍ പാടില്ലായിരുന്നെന്നാണ് ഇവിടത്തുകാരുടെ അഭിപ്രായം.
തിരുച്ചെങ്കോട്ടെ ഗ്രാമീണ ജീവിതത്തിന്റെ സ്വാസ്ഥ്യത്തിനുമേല്‍ മദ്യം വീഴ്ത്തുന്ന അസ്വസ്ഥതകള്‍ ഈ യാത്രയില്‍ നേരില്‍ കാണാന്‍ കഴിഞ്ഞു. രാത്രി വളരെ വൈകി ഗ്രാമത്തിന്റെ ഉള്‍പ്രദേശത്തു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കരകാട്ടം എന്ന കലാരൂപം സുഹൃത്തിനൊപ്പം കാണാന്‍ പോയി. ഇതൊരുതരം ക്ഷേത്രാചാരകലയാണെന്നാണു മനസിലാക്കാന്‍ കഴിഞ്ഞത്. ഒഴിഞ്ഞ പറമ്പില്‍ ബാരിക്കേഡ് കെട്ടിയുണ്ടാക്കിയ ബോക്‌സിങ് റിങ് പോലൊരു കളത്തില്‍ റ്റിയൂബ് ലൈറ്റിന്റെ പാല്‍വെളിച്ചത്തില്‍ അല്‍പവസ്ത്രധാരികളായ രണ്ടു സ്ത്രീകളും ഒരു പുരുഷനും ഊത്തു മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നു. ഇടയ്ക്കു ലൈംഗിക ചുവയുള്ള വര്‍ത്തമാനങ്ങളും അംഗവിക്ഷേപങ്ങളുമുള്ള ഈ കലാരൂപം, പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ഭാഗമായുള്ള കാസിനോവകളിലെ രാത്രി ഡാന്‍സുകളെയാണ് ഓര്‍മിപ്പിച്ചത്. ഈ കാഴ്ച കാമറയിലേക്കു പകര്‍ത്താനുള്ള ശ്രമം ചെറിയ വാക്കേറ്റത്തില്‍ കലാശിച്ചു. കുറഞ്ഞ കാഴ്ചക്കാര്‍ക്കു മുന്‍പില്‍ പുലര്‍ച്ചെ രണ്ടുമണി വരെ തുടരുന്ന കരകാട്ടം മാരിയമ്മന്‍ കോവിലുകളില്‍ എല്ലാ വര്‍ഷവും തിരുവിള ദിവസം നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."