ലക്ഷ്യം സമ്പൂര്‍ണ രോഗ പ്രതിരോധം: മന്ത്രി കെ.കെ ശൈലജ
തിരൂരങ്ങാടി: പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തി രോഗപ്രതിരോധത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 3.20 കോടി രൂപ ചെലവില്‍ യാഥാര്‍ഥ്യമാക്കിയ മെറ്റേണിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനവും 3.44 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ജില്ലാ പ്രാരംഭ വൈകല്യ മുക്തി കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചിട്ടയായ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനത്തിലൂടെ രോഗപ്രതിരോധം സാധ്യമാകുമെന്നും ആരോഗ്യമേഖലയില്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ സിംഗപ്പൂര്‍ മാതൃക സ്വീകരിക്കണം. പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ഓരോ വ്യക്തിയും ധാര്‍മികപരമായ നിലപാടെടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ജീവിതശൈലി രോഗങ്ങള്‍ കാരണം മരണനിരക്ക് ഉയരുന്ന സാഹചര്യം ഗൗരവമായി കാണണം. പ്രതിവര്‍ഷം അന്‍പതിനായിരം കാന്‍സര്‍ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിയാണ്.
പൊതുജനാരോഗ്യ മേഖലയിലെ ശക്തമായ സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 4000 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഘട്ടം ഘട്ടമായി സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ആരോഗ്യ രംഗത്ത് കുറെകാര്യങ്ങളില്‍ കേരളത്തിന് മുന്നേറാനായിട്ടുണ്ട്. ശിശുമരണ നിരക്കും മാതൃമരണ നിരക്കും ഗണ്യമായി കുറയ്ക്കാനായി. എന്നാല്‍ ജീവിത ശൈലി രോഗങ്ങള്‍ വല്ലാതെ പ്രയാസങ്ങളുണ്ടാക്കുന്ന കാലഘട്ടമാണിത്. അതിനാല്‍ ആശുപത്രിചെലവ് താങ്ങാനാകാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അവരാരും ആശുപത്രി ചെലവിന് കടം വാങ്ങി തിരിച്ചുകൊടുക്കാനാകാതെ ആത്മഹത്യ ചെയ്യുന്ന മുന്‍ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹ്യദമാക്കുന്നതിനും പ്രഥമ പരിഗണന നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചുള്ള ഡീ അഡിക്ഷന്‍ സെന്റര്‍ കെട്ടിടോദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മോര്‍ച്ചറി ചടങ്ങില്‍ അധ്യക്ഷനായ പി.കെ അബ്ദുറബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍കലാം മാസ്റ്റര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. അബ്ദുറഹ്മാന്‍കുട്ടി, ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ: സക്കീന, എന്‍.എച്ച്.എം ഡി.പി.എം ഡോ. ഷിബുലാല്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ തസ്‌നീം, നഗരസഭാ കൗണ്‍സിലര്‍മാരായ വി.വി അബു, റംല കക്കടവത്ത്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: സി ഹരിദാസന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജി.എസ് ദിലീപ് ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."