പുസ്തക വില്‍പ്പന നടത്തി പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ നിര്‍മിക്കുന്നു
പുതുക്കാട്: പ്രമുഖ എഴുത്തുകാരുടെ കൃതികള്‍ കോര്‍ത്തിണക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രളയാക്ഷരം എന്ന പുസ്തകത്തിന്റെ വില്‍പ്പന നടത്തി വീടുകള്‍ നിര്‍മിക്കുന്നു. മന്ത്രി സി.രവീന്ദ്രനാഥ് വീടുകള്‍ കയറിയിറങ്ങി പുസ്തക വില്‍പ്പന നടത്തിയത് ശ്രദ്ധേയമായി.
പുസ്തക വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന തുക പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ഉപയോഗിക്കുകയെന്നതാണ് ലക്ഷ്യം. പുസ്തകം വില്‍ക്കാന്‍ സന്നദ്ധരായി എത്തിയ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് പ്രചോദനമേകാനാണ് വീടുകള്‍ കയറി മന്ത്രി പുസ്തക വില്‍പ്പന നടത്തിയത്. ദേശീയ സമ്പാദ്യ പദ്ധതിയിലെ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും സേവന തത്പരരായ വ്യക്തികളും സംഘടനകളും ഈ മാതൃക ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ അഞ്ച് വീടുകള്‍ നിര്‍മിക്കാനാണ് പുസ്തക വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പതിനായിരം കോപ്പികള്‍ വിറ്റ് ഇരുപത് ലക്ഷം രൂപ സമാഹരിക്കും. ഈ തുകയാണ് ജില്ലാ ഭരണകൂടത്തിന് കൈമാറുന്നത്. പ്രളയാനന്തരം ദുരിതബാധിതര്‍ക്ക് നിരവധി സഹായങ്ങളാണ് മഹിളാ പ്രധാന്‍ ഏജന്റുമാര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനഞ്ചര ലക്ഷം രൂപ ഇവരുടെ ചെറു സമ്പാദ്യത്തില്‍ നിന്ന് നല്‍കിയിരുന്നു. ഇത് കൂടാതെയാണ് പ്രളയക്ഷരത്തിന്റെ പ്രചാരകരായി മഹിളാ പ്രധാന്‍ ഏജന്റുമാര്‍ രംഗത്തെത്തിയത്. പുസ്തക പ്രചാരണ പരിപാടിയില്‍ മന്ത്രിയോടൊപ്പം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ജില്ലാ പഞ്ചായത്തംഗം കെ.ജെ ഡിക്‌സന്‍, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പഞ്ചായത്തംഗം സതി സുധീര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."