കാരാപ്പുഴ ഒരുങ്ങുന്നു, സഞ്ചാരികള്‍ക്കായി
കല്‍പ്പറ്റ: സഞ്ചാരികള്‍ക്ക് ഓണക്കാലം ആഘോഷമാക്കാന്‍ കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ഏറെ സഞ്ചാരികളെത്തുന്ന മൈസൂരുവിലെ വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രം ഓണക്കാലത്ത് ഭാഗികമായി ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. 2010ലാണ് കേന്ദ്രത്തിന്റെ വിനോദ സഞ്ചാര വികസന പരിപാടികള്‍ ആരംഭിച്ചത്. 2011ല്‍ ഒന്നാംഘട്ട പ്രവൃത്തികള്‍ക്കായി 4.92 കോടി രൂപയും രണ്ടാംഘട്ട ജോലികള്‍ക്കായി 2013ല്‍ 2.29 കോടി രൂപയും അനുവദിച്ചിരുന്നു. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, നടപ്പാത, പാര്‍ക്കിങ് ഏരിയ, സുവനീര്‍-സ്‌പൈസസ് സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. കുട്ടികളുടെ ഉദ്യാനം, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നിവയുടെ നിര്‍മാണം, മെക്‌സിക്കല്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കല്‍, ബഫലോ ഗ്രാസ് നടീല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നത്. കേന്ദ്രത്തിന് മോടികൂട്ടാന്‍ 35,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഗ്രാസ് കാര്‍പറ്റ്, 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ്, 6000 മീറ്റര്‍ ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നീ പ്രവൃത്തികളും നടക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഇവ പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍.
അതേസമയം കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളകയറി നശിക്കുന്നെന്ന പരാതിയും പരിഹരിച്ചിട്ടുണ്ട്. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രദേശിക കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും കണക്കുകളിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് ഉദ്യാനങ്ങള്‍ കളകയറിയ നിലയില്‍ മാസങ്ങളോളം കിടിക്കുന്നതിനു കാരണമായത്. കാരാപ്പൂഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടിരുന്നില്ല. തുടര്‍ന്നാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ദേശീയപാത 212ലെ കാക്കവയലില്‍നിന്നു ആറ് കിലോമീറ്റര്‍ മാറിയാണ് കാരാപ്പുഴ. അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതിരുന്നിട്ടും ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാരകേന്ദ്രമായി കാരാപ്പുഴ മാറുമെന്നാണ് കണക്കു കൂട്ടല്‍. അമ്പലവയല്‍ ഉള്‍പ്പെടെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതും റിസര്‍വോയറില്‍ സീ പ്ലെയിന്‍, സോളാര്‍ ബോട്ടിങ് സൗകര്യം ഒരുക്കുന്നതും കാരാപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു ആക്കംകൂട്ടുമെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."