മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന ബഖാലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് നീക്കം
ജിദ്ദ: മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സഊദിയിലെ ബഖാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്വദേശിവത്കരണത്തിന് നീക്കം. നാല് വര്‍ഷത്തിനകം ബഖാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും നൂറ് ശതമാനം സ്വദേശിവത്കരണം നടത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇതുവഴി 20,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനു പുറമെ നാലു വര്‍ഷത്തിനുള്ളില്‍ 171 തൊഴിലുകളില്‍ സ്വദേശിവത്കരണം നടത്താന്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ട്രാവല്‍, ടൂറിസം മേഖലയിലെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ഭാഗികമായ സ്വദേശിവത്കരണം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
2018 ഓടെ ഈ മേഖലയില്‍ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകളില്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
2020ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡോക്ടര്‍, നഴ്സ് തുടങ്ങിയ തസ്തികകളിലേക്കും അല്ലാത്തവയിലേക്കും 7500 സ്വദേശി യുവതീ യുവാക്കളെ നിയമിക്കുന്നതിന് ഇരു മന്ത്രാലയങ്ങളും ധാരണയിലെത്തി. 40 ശതമാനം സ്വദേശിവത്കരണം ഇതിനകം നടപ്പാക്കിയ റന്റ് എ കാര്‍ മേഖലയിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും. 5000 പേര്‍ക്ക് ഇതിലൂടെ അധികം ജോലി നല്‍കാനാവും.
ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ആദ്യപടി അല്‍ഖസീം മേഖലയില്‍ ആരംഭിച്ചതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം നിലവില്‍ 60 ശതമാനം സഊദികള്‍ ജോലി ചെയ്യുന്ന വിനോദ സഞ്ചാര മേഖല അധികം വൈകാതെ സമ്പൂര്‍ണമായും സ്വദേശിവത്കരിക്കും. വിനോദ സഞ്ചാരികള്‍ക്ക് താമസം ഒരുക്കുന്ന മേഖലയില്‍ 2200 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് വമ്പന്‍ കമ്പനികളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 2018 ആകുമ്പോള്‍ ടൂറിസം മേഖലയില്‍ 33,000 സഊദി പൗരന്മാര് ജോലി ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."