കൂടുതല്‍ വനഭൂമി കശുമാവ് കൃഷിക്ക് ഉപയോഗിക്കും: മന്ത്രി കെ.രാജു
അഞ്ചല്‍: സംസ്ഥാനത്ത് ഉപയോഗമില്ലാതെ കിടക്കുന്ന കൂടുതല്‍ വനഭൂമി കശുമാവ് കൃഷിക്കായി നല്‍കുന്നതിന് തടസമില്ലെന്ന് മന്ത്രി കെ രാജു പറഞ്ഞു.
കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറി വളപ്പില്‍ ആരംഭിക്കുന്ന കശുമാവ് കൃഷിയുടെ ഉദ്ഘാടനം ഇടമുളയ്ക്കല്‍ കശുവണ്ടി ഫാക്ടറിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കശുവണ്ടി ഫാക്ടറികള്‍ ആവശ്യത്തിന് കശുവണ്ടി ലഭിക്കാതെ അടച്ചിടുന്ന അവസ്ഥ ഉണ്ടാകാതിരിക്കുന്നതിനാണ് സ്വന്തം നിലയില്‍ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാന പ്രകാരം കശുവണ്ടി വികസന കോര്‍പറേഷന്‍ കശുമാവ് കൃഷി വ്യാപിപ്പിച്ചിരിക്കുന്നത്. കശുവണ്ടി ഫാക്ടറികളില്‍ എല്ലാ ദിവസവും തൊഴില്‍ നല്‍കി തൊഴിലാളികളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. കര്‍ഷകര്‍ ഇന്നു നടത്തികൊണ്ടിരിക്കുന്ന പലകൃഷിയും നഷ്ടത്തിലായ സാഹചര്യത്തില്‍ കശുമാവ് കൃഷി ലാഭകരമായി നടത്താനാവുമെന്നും മന്ത്രി പറഞ്ഞു.
കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അധ്യക്ഷനായി. തൊഴിലാളികള്‍ക്ക് ചണ സഞ്ചി വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജുസുരേഷ്,ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജോസ് എന്നിവര്‍ നിര്‍വഹിച്ചു. കോര്‍പറേഷന്‍ എം.ഡി ടി.എഫ് സേവ്യര്‍, ബ്ലോക്ക് പഞ്ചായത്തംഗം അജയകുമാര്‍, ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി സുഗതന്‍, ജി ബാബു ,സജി ഡി. ആനന്ദ്, ഷാജു, രൂപേഷ് ഉണ്ണിത്താന്‍ സൈമന്‍ അലക്‌സ്,മോഹന്‍ കുമാര്‍, എസ് സഞ്ജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."