ഖഷോഗി വധം; സഊദിയെ പിന്തുണച്ച് ട്രംപ്
വാഷിങ്ടണ്‍: മാധ്യമപ്രവര്ത്തകന് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ, സഊദിയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക സഊദി അറേബ്യക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമൊപ്പം നിലകൊള്ളുമെന്ന് ട്രംപ് പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സല്മാന് രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തുവന്നിട്ടില്ല. ഞങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സി എല്ലാ വിവരങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സഊദി കിരീടാവകാശിക്ക് ഈ മോശം സംഭവത്തെക്കുറിച്ച് അറിവുണ്ടായിരിക്കാം, ചിലപ്പോള്‍ ഇല്ലായിരിക്കാം. ഇതൊന്നും ഒരുതരത്തിലും സഊദിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ട്രംപ് പറഞ്ഞു.
സഊദി മികച്ച പങ്കാളിയാണ്. അവരുമായി റെക്കോര്‍ഡ് തുകയുടെ കരാറാണുള്ളത്. 400 ബില്യന്‍ ഡോളറാണ് അവര്‍ നല്‍കുന്നത്. സഊദിയോട് ഇടഞ്ഞ് തങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ക്കാനില്ലെന്നും ട്രംപ് പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകത്തില്‍ സഊദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന സി.ഐ.എ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്ന ഓഡിയോയിലെ വിവരങ്ങള്‍ ട്രംപിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനു വിരുദ്ധമായാണ് ട്രംപിന്റെ പ്രതികരണം.
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുതാപരമായ അന്വേഷണം നടത്താന്‍ അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാണ്. ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍വച്ച് ഖഷോഗി കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."