നവകേരളം ക്വിസ് മത്സരം: സുമതിക്കും പ്രിയക്കും ഒന്നാം സ്ഥാനം
പാലക്കാട്: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി നടത്തിയ നവകേരളം ക്വിസ് മത്സരത്തില്‍ സാക്ഷരതാ പ്രേരക്മാരും തുല്യതാ പഠിതാക്കളും മികവ് പുലര്‍ത്തി.
23 സാക്ഷരതാ പ്രേരക്മാര്‍ പങ്കെടുത്ത മത്സരത്തില്‍ മലമ്പുഴ ബ്ലോക്ക് നോഡല്‍ പ്രേരക് റ്റി.ഡി.സുമതി ഒന്നാം സ്ഥാനം നേടി. കിഴക്കഞ്ചേരി തുടര്‍ വിദ്യാകേന്ദ്രത്തിലെ പ്രേരക് ബീനാ അഗസ്റ്റിന്‍ രണ്ടാം സ്ഥാനവും ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീകൃഷ്ണപുരം ബ്ലോക്ക് നോഡല്‍ പ്രേരക് എം.കെ. ദേവി മൂന്നാം സ്ഥാനവും നേടി.
തുല്യതാ പഠിതാക്കളുടെ വിഭാഗത്തില്‍ പങ്കെടുത്ത 21 പേരില്‍ കെ.പ്രിയ (കൊല്ലങ്കോട്) എം.രാജേഷ്(ഈസ്റ്റ് ഒറ്റപ്പാലം), രേഖ ബി.മുരളി(കിഴക്കഞ്ചേരി) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. തൃക്കടീരി ബി.ഇ.എം.സ്‌കൂളിലെ തുല്യതാ പഠിതാവ് എം.മുഹമ്മദ് അന്‍സാബ് പ്രോത്സാഹന സമ്മാനം നല്‍കി.
ശാരീരിക വെല്ലുവിളികള്‍ക്കിടയിലും പത്താംതരം തുല്യതാ പഠനം നടത്തുന്ന മുഹമ്മദ് ഉമ്മയുടെ സഹായത്തോടെയാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.
പറളി പഞ്ചായത്ത് കല്യാണമണ്ഡപം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.വി.വിജയദാസ് എം.എല്‍.എ. വിജയികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഏര്‍പ്പെടുത്തിയ കാഷ് പ്രൈസും പുസ്തകവും കൈമാറി.
ജിവിതത്തിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ സഹായിക്കുന്ന പ്രേരക്മാരുടെ സേവനം പ്രശംസനീയമാണെന്ന് എം.എല്‍.എ. പറഞ്ഞു. എന്നാല്‍ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ശരിയായ രീതില്‍ വായന ശീലമാക്കാത്ത ' ന്യൂ ജെന്‍' കുട്ടികളെ വായിപ്പിക്കാനുള്ള മാര്‍ഗങ്ങളും കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് എം.എല്‍.എ.പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ഗിരിജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭകുമാരി, ജില്ലാ സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ സജി തോമസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പേരൂര്‍ പി. രാജഗോപാലന്‍, ഡോ. പി.സി. ഏലിയാമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."