വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും കുറവ്
മലമ്പുഴ : കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്പുഴ ഉദ്യാനം കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ കുറവ്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ ഉദ്യാനത്തിന് 18.8 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത് 18 ലക്ഷമായി ചുരുങ്ങി. 80,000 രൂപയുടെ കുറവ്. വിഷുദിനത്തില്‍ കഴിഞ്ഞ വര്‍ഷം 2.3 ലക്ഷം ലഭിച്ചപ്പോള്‍ ഇത്തവണ 10,000 കുറഞ്ഞിരുന്നു. അതേസമയം ഏപ്രില്‍ അവസാന ആഴ്ചകളിലും ഉദ്യാനത്തിന് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ ഉയര്ച്ചയുണ്ടായില്ലെന്നാണ് ജലസേചനവകുപ്പധികൃതര്‍ പറയുന്നത്. അവധിക്കാലത്ത് തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ എത്തുന്നത് ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഉദ്യാനത്തിലെ കാഴ്ചകള്‍ മങ്ങിയതും മുന്‍വര്‍ഷങ്ങളില്‍ പ്രാഥമികാവശ്യങ്ങള്ക്കുള്പ്പെടെ വിനോദ സഞ്ചാരികള്‍ അനുഭവിച്ച ദുരിതവുമാണ് ഇത്തവണ അവധിക്കാലത്ത സഞ്ചാരികള്‍ കുറയുന്നതിന് പ്രധാനമായും വഴിയൊരുക്കിയത്. മാത്രവുമല്ല, കടുത്തചൂടും ജില്ലയ്ക്കകത്തുനിന്ന് സഞ്ചാരികളെത്തുന്നതിനും തടസ്സമായിരുന്നു.
ഉദ്യാനത്തിന് സമീപത്തെ സ്ഥാപനങ്ങളിലും വരുമാനം നേര്പകുതിയായതായി കച്ചവടക്കാര്‍ പറയുന്നു. സഞ്ചാരികള്‍ നന്നേ കുറവായ മാര്‍ച്ച്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കച്ചവടക്കാര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നത് ഏപ്രില്‍, മെയ്മാസങ്ങളിലെ കച്ചവടം കൊണ്ടാണ്. 2012 ല്‍ നവീകരണ പ്രവൃത്തികള്‍ ഭാഗികമായി പൂര്‍ത്തിയാക്കിയശേഷം ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് 2013 ലാണ്. എന്നാല്‍, അതിന് തൊട്ടടുത്ത രണ്ടുവര്‍ഷങ്ങളില്‍ ഉദ്യാനത്തിന് ലഭിച്ച വരുമാനത്തില്‍ കുറവുണ്ടായി. പിന്നീട് 2016 ല്‍ തൊട്ടുമുന്പത്തേ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."