പാലക്കാട് -കുളപ്പുള്ളി പാതയുടെ അറ്റകുറ്റപ്പണികള്‍ കടലാസിലൊതുങ്ങി
പറളി : പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയുടെ അറ്റകുറ്റപ്പണികള്‍ കടലാസിലൊതുങ്ങി. പാതയുടെ പലഭാഗങ്ങളും ഇതിനകം തകര്‍ന്നു. സംസ്ഥാന ഹൈവേയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങളായെങ്കിലും കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ ഇതുവരെയും നടത്തിയില്ല. അംഗീകാരം ലഭിക്കാത്തതാണ് ഇതിനു പ്രധാന കാരണമത്രെ.
പാലക്കാട് മുതല്‍ കുളപ്പുള്ളിവരെയുള്ള പാതയില്‍ നിലവില്‍ ഓട്ടയടയ്ക്കല്‍പോലും നടന്നിട്ടില്ല. പാതയില്‍ പലയിടത്തും വന്‍ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടു. കണ്ണിയമ്പുറം, വാണിയംകുളം, കുളപ്പുള്ളി, മങ്കര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡ് തകര്‍ച്ചയിലാണ്. പലയിടത്തും നാട്ടുകാരും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും തകര്‍ന്ന ഭാഗങ്ങളില്‍ സിമന്റ് ഉപയോഗിച്ച് നവീകരണം നടത്തുന്ന സാഹചര്യമാണുള്ളത്.
പാലക്കാട് മുതല്‍ കുളപ്പുള്ളിവരെയുള്ള 47 കിലോമീറ്റര്‍ റോഡ് പൂര്‍ണമായും ടാറിംഗ് നടത്തേണ്ട സാഹചര്യം അതിക്രമിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്ന കെഎസ്ടിപിയെ തന്നെയാണ് അറ്റകുറ്റപ്പണി നടത്തുന്നതിനും നിയോഗിക്കേണ്ടത്. നാലരകോടി രൂപയ്ക്കടുത്ത് ഇതിനായി ചെലവുവരും. അതേസമയം സംസ്ഥാനപാതയായിട്ടും അഴുക്കുചാല്‍ നിര്‍മാണം പാതയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ഭൂരിഭാഗം സ്ഥലത്തും അഴുക്കുചാല്‍ ഇല്ലാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം മഴപെയ്താല്‍ മലിനജലവും മറ്റും റോഡിലേക്കാണ് ഒഴുകിയെത്തുന്നത്.
സംസ്ഥാന ഹൈവേ നിര്‍മാണം അശാസ്ത്രീയമാണന്നും ലോകോത്തര നിലവാരമുണ്ടായിരിക്കണമെന്ന മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."