ദേശീയപാതയോരത്തെ മാലിന്യപ്രശ്‌നം; പരിശോധന കര്‍ശനമാക്കണമെന്ന് ആരോഗ്യവകുപ്പ്
പുതുക്കാട്: തലോര്‍ ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടി ജാമ്യമില്ലാവകുപ്പ് ചുമത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
നെന്‍മണിക്കര പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കര്‍ശന നിര്‍ദേശവുമായി രംഗത്തെത്തിയത്. മാലിന്യം കുമിഞ്ഞുകൂടിയ ദേശീയപാതയോരം ഉള്‍പ്പെടുന്ന നെന്‍മണിക്കര, പുത്തൂര്‍, തൃക്കൂര്‍ എന്നീ പഞ്ചായത്ത് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പാതയോരത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്നും പൊലിസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കണമെന്നും ആവശ്യമുണ്ട്. ഇതിനിടെ പാതയോരത്ത് തള്ളുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കാന്‍ ഇടമില്ലാത്തത് മാലിന്യപ്രശ്‌നത്തിന് ആക്കംകൂട്ടുന്നു.
മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ആര് മാറ്റുമെന്ന കാര്യത്തിലും ധാരണയായിട്ടില്ല. മാലിന്യം അഴുകിയ നിലയില്‍ കുന്നുകൂടി കിടക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന ആശങ്കയുമുണ്ട്.
ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാതയോരത്ത് തന്നെ കുഴിച്ചുമൂടുകയാണ് അധികൃതര്‍. കഴിഞ്ഞ ദിവസം പാതയോരത്ത് തള്ളിയ പോത്തിന്റെ ജഡം അവിടെ തന്നെയാണ് കുഴിച്ചുമൂടിയത്. പാതയോരത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നതോടെ സമീപത്തുള്ള പാടശേഖരങ്ങളും ശുദ്ധജല സ്രോതസുകളും മലിനമാകാന്‍ ഇടയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."