ഐ.എസിനു പിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍: എസ്.വൈ.എസ്
കോഴിക്കോട്: മനുഷ്യരെ ക്രൂരമായി കൊന്നൊടുക്കുന്ന ഐ.എസ് സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്നും ഇതിനുപിന്നില്‍ അമേരിക്കയുടേയും ഇസ്രായേലിന്റേയും കൈകള്‍ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുന്നി യുവജനസംഘം കോഴിക്കോട്ട് സംഘടിപ്പിച്ച ഐ.എസ്, സലഫിസം, ഫാസിസം ത്രൈമാസ കാംപയിനിന്റെ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.
സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ ഭീകരതയുടെ പര്യായമാക്കാനാണ് ഐ.എസ് ശ്രമിക്കുന്നത്. ഐ.എസ് ചെയ്യുന്ന ഹീനകൃത്യങ്ങളെ മതത്തിന്റെ ലേബലില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും നടക്കുന്നു. ഐ.എസിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഇതിന്റെ മറപിടിച്ചു ഇന്ത്യന്‍ മുസ്‌ലിംകളെ രാജ്യവിരുദ്ധരാക്കാനുള്ള ഫാസിസ്റ്റ് ശ്രമവും അപകടകരമാണ്. മതത്തെ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പൂര്‍വപണ്ഡിതന്മാരില്‍ നിന്നും പഠിക്കുന്നതിനു പകരം സ്വയം വ്യഖ്യാനിക്കുന്ന ചിന്താസരണി മതത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടവരുത്തുന്നതാണ്. മതത്തെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്മാറണം. വാങ്കിനെ മോശമായി ചിത്രീകരിക്കുന്ന മുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ മനോഗതി മലയാളികള്‍ക്കു മനസ്സിലായെന്നും ഇത്തരം കാപടന്മാരെ സമൂഹം തിരിച്ചറിയണമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങ് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിഷയാവതരണം നടത്തി.
ഹാജി കെ. മമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, മെട്രോ മുഹമ്മദ് ഹാജി , കെ.എ.റഹ്മാന്‍ ഫൈസി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പാലത്തായി മൊയ്തുഹാജി, അഹമ്മദ് തെര്‍ളായി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി.സി.എച്ച് മഹ്മൂദ് സഅദി,കെ.പി കോയ എന്നിവര്‍ സംസാരിച്ചു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും സലാം ഫൈസി മുക്കം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."