ഒടുവില്‍ പങ്കജാക്ഷന്‍ നാട്ടിലേക്ക് മടങ്ങി; ഇടതു കാല്‍ നഷ്ടപെട്ട ദു:ഖഭാരത്തോടെ: 18 വര്‍ഷം പ്രവാസിയായിട്ടും മടങ്ങിയത് വെറും കൈയോടെ
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായി ഇടതുകാല്‍ നഷ്ടമായ മലയാളി നാട്ടിലേക്ക് മടങ്ങി. കൊല്ലം ചവറ പുത്തന്‍ചന്ത സ്വദേശി പങ്കജാക്ഷന്‍(50) ആണ് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് തിരിച്ചത്. മൂന്ന് മാസം മുമ്പ് അക്റബിയ്യ കിംഗ് ഫഹദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ നാലോളം ബ്ലോക്കുകള്‍ കണ്ടെത്തി ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെയാണ് നില കൂടുതല്‍ വഷളായത്.
വൈകാതെ ഇടതുകാല്‍ മുട്ട് മുതല്‍ മുറിച്ചുമാറ്റി. ഇപ്പോള്‍ വലതു കാലിന്റെ ചലനശേഷിയും ഏതാണ്ട് നഷ്ടമായ അവസ്ഥയിലാണ്. മൂന്നുമാസമായി കിംഗ് ഫഹദ് ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നറിഞ്ഞ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ റിയാസ് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് യാത്ര ചെലവുകള്‍ വഹിക്കാന്‍ എംബസി സന്നദ്ധമാകുന്നത്.
18വര്‍ഷമായി അല്‍കോബാറില്‍ ഒരു സ്വകാര്യകമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന്റെ ചെലവുകള്‍ ഏറ്റെടുക്കാന്‍ സ്‌പോണ്‍സര്‍ വിസമ്മതിച്ചിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്നതിനിടയിലാണ് മൂന്ന് വര്‍ഷം മുമ്പ് ഭാര്യയെ ബ്യൂട്ടീഷനായി കൊണ്ടുവന്നത്. ഏക മകള്‍ ഭാര്യാ സഹോദരിയുടെ വീട്ടില്‍ നിന്നുകൊണ്ടാണ് പഠനം തുടര്‍ന്നിരുന്നത്. ഒരുവീട് വാങ്ങിച്ചെങ്കിലും പത്തു ലക്ഷം രൂപയുടെ ലോണ്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇടതുകാല്‍ മുറിച്ചു മാറ്റിയ പങ്കജാക്ഷന്റെ തുടര്‍ചികിത്സയും മകളുടെ പഠനവും വീടിന്മേലുള്ള ബാധ്യതയും ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഭാര്യ സുമ. ഭര്‍ത്താവിനെ പരിചരിക്കുന്നതിനായി ഇവരും റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."