വെടിവയ്പുപോലെ ഭയപ്പെടുത്തുന്ന നിശബ്ദത
മാവോയിസ്റ്റായ സി.പി ജലീല്‍ വയനാട്ടിലെ റിസോര്‍ട്ട് പരിസരത്തുവച്ച് കൊല്ലപ്പെട്ടശേഷം തൃശൂരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചെറിയൊരു പ്രതിഷേധ സംഗമം നടന്നിരുന്നു. തൃശൂരിലെ ആക്ടിവിസ്റ്റായ ടി.കെ വാസുവേട്ടന്റെ നേതൃത്വത്തിലായിരുന്നു അതു നടന്നത്. മനുഷ്യാവകാശ-പരിസ്ഥിതി ആക്ടിവിസ്റ്റുകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തൃശൂര്‍. കുറഞ്ഞ സമയംകൊണ്ട് നൂറ് പേരെയെങ്കിലും സംഘടിപ്പിച്ച് പ്രതിഷേധ സംഗമങ്ങള്‍ നടത്താനുള്ള കെല്‍പ്പ് തൃശൂരിലെ പല സംഘടനകള്‍ക്കുമുണ്ട്. എന്നാല്‍, ജലീലിന്റെ രക്തസാക്ഷിത്വത്തെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത കൂട്ടായ്മയില്‍ വളരെ കുറച്ച് ആളുകളാണ് പങ്കെടുത്തത്. മാവോയിസ്റ്റായ ഷൈനയും പങ്കെടുത്ത പ്രതിഷേധ യോഗത്തില്‍ ഞാനുമുണ്ടായിരുന്നു. എന്തുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാറിനില്‍ക്കുന്നുവെന്ന് ഞാന്‍ വാസുവേട്ടനോട് ചോദിച്ചു. കേരളത്തിലെ ബുദ്ധിജീവിസമൂഹത്തില്‍ സംഭവിച്ച കുറ്റകരമായ മരവിപ്പും മൗനവുമാണ് ഇതിനു കാരണമായി വാസുവേട്ടന്‍ കണ്ടെത്തിയത്.
വിപ്ലവവസന്തം സ്വപ്നം കണ്ടിരുന്ന കേരളത്തിലെ നക്‌സലൈറ്റുകളില്‍ വാസുവേട്ടനുമുണ്ടായിരുന്നു. ഇരിങ്ങാലക്കുടയിലെ നടവരമ്പില്‍ നടന്ന പൊലിസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ കെ. സച്ചിദാനന്ദനും സിവിക് ചന്ദ്രനും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അതില്‍ പ്രതിഷേധിച്ച് ജാഥ നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ടയാളാണ് ടി.കെ വാസു. ഇപ്പോള്‍ അദ്ദേഹം നക്‌സലൈറ്റോ മാവോയിസ്റ്റോ അല്ല. കേവലം ഒരു പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാത്രം. നക്‌സലൈറ്റ് കാലഘട്ടത്തിലെ വിപ്ലവവീര്യം ബാക്കിനില്‍ക്കുന്നതുകൊണ്ടാണ് ജലീലിനു വേണ്ടി അദ്ദേഹം ശബ്ദിക്കാനൊരുങ്ങിയത്. അട്ടപ്പാടിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ മൃതശരീരം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുവന്നപ്പോഴും ടി.കെ വാസു ഓടിച്ചെന്നു. പ്രതിരോധമെന്ന വാക്കിന്റെ പര്യായങ്ങള്‍ ഇത്രയൊക്കെയേ ഉള്ളൂ കേരളത്തില്‍.
സി.പി ജലീലിനെയും ഏകപക്ഷീയമായി വെടിവച്ച് കൊല്ലുകയാണുണ്ടായത്. ആ റിസോര്‍ട്ടില്‍ സാധാരണ വരാറുണ്ടായിരുന്നു ജലീല്‍. അല്‍പം പോക്കറ്റ് മണിക്കോ ആഹരത്തിനോ വേണ്ടി. അവസാനം അത് മേടിക്കാന്‍ വന്നപ്പോള്‍ ഒറ്റിക്കൊടുക്കപ്പെട്ടു. തണ്ടര്‍ബോള്‍ട്ട് സേന വെടിവച്ച് കൊന്നു. മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിക്കുന്നു എന്നാണല്ലോ പരാതി. ഭരണക്കാര്‍ അധികാരമുപയോഗിച്ച് വ്യവസായികളില്‍നിന്ന് വാരിക്കൂട്ടുന്ന പണമെത്രയെന്ന് വെറുതെ ഓര്‍ക്കാം ഈ അവസരത്തില്‍.
പാക് തീവ്രവാദിയും ലഷ്‌കറെ ത്വയ്ബ അംഗവുമായ മുഹമ്മദ് അജ്മല്‍ അമീര്‍ കസബിന്റെ നേതൃത്വത്തില്‍ നടന്ന മുംബൈ തീവ്രവാദ ആക്രമണത്തിനു ശേഷമാണ് തണ്ടര്‍ബോള്‍ട്ട് എന്നൊരു പ്രതിരോധ സേനവിഭാഗം രൂപപ്പെടുന്നത്. രാജ്യസുരക്ഷ എന്നതാണ് ലക്ഷ്യം. മാവോയിസ്റ്റ് വേട്ട മുഖ്യലക്ഷ്യമാണെങ്കിലും എല്ലാതരം തീവ്രവവാദ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കുകയെന്ന വിശാലമായ ആശയം അതിനുണ്ട്. തണ്ടര്‍ബോള്‍ട്ടിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ചെലവിടുന്നത്. ആ തുകയാവട്ടെ ഓഡിറ്റിങ്ങിനു വിധേയവുമല്ല എന്നാണ് ഈ കുറിപ്പുകാരന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആര്‍ത്തിയൊടുങ്ങാത്ത ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചാകരയാണിത്.
മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പാക്കിയാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തണ്ടര്‍ബോള്‍ട്ട് സേവനം ലഭ്യമാകും. അതിനുള്ള വഴി ഇത്തരത്തിലുള്ള വേട്ടയാണ്. തണ്ടര്‍ബോള്‍ട്ടിന്റെ മണ്ണില്‍ പണമരം പൂത്തുകായ്ക്കണമെങ്കില്‍ മാവോയിസ്റ്റുകളുടെ ചോര ഇടക്കിടെ ഒഴിച്ചുകൊടുത്തേ മതിയാകൂ. അതാണ് അട്ടപ്പാടിയിലും സംഭവിച്ചത്. അല്ലാതെ കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം അത്ര തീവ്രമായതുകൊണ്ടൊന്നുമല്ല. പൊതുവെ മാവോയിസ്റ്റുകള്‍ ഇന്ത്യയില്‍ തന്നെ അതീവ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങളുടെ നിരീക്ഷണ സംവിധാനങ്ങള്‍ ലോകമെമ്പാടും ഒരുപാട് വളര്‍ന്നിരിക്കുന്നു. ഗറില്ലായുദ്ധങ്ങള്‍ക്ക് ഇനിമേല്‍ ഒരു പ്രസക്തിയുമില്ല. ഭരണകൂടങ്ങളുടെ ചാരനേത്രങ്ങള്‍ക്ക് ആഴവും പരപ്പും കൂടുതലാണ്. അതിനെയൊക്കെ മറികടക്കാന്‍ മാത്രം ആയുധശേഷി കൈവരിക്കണമെങ്കില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് സമ്പത്ത് ആവശ്യമായി വരും. അതൊന്നും ലഭ്യമല്ല. അതാതുകാലത്ത് സാമ്രാജ്യത്വവും അതിന്റെ ദല്ലാളന്മാരായ ആയുധ കമ്പനികളും ഇത്തരം തീവ്രവാദ സംഘങ്ങളെ പണംകൊടുത്ത് വളര്‍ത്തും. സാമ്രാജ്യത്വ ആവശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ അവര്‍ തന്നെ തകര്‍ത്തുകളയും. ബിന്‍ലാദനും അബൂബക്കര്‍ ബഗ്ദാദിക്കും പിടിച്ചുനില്‍ക്കാന്‍ പറ്റിയിട്ടില്ല. പിന്നെ മാവോയിസ്റ്റുകളുടെ കാര്യം പറയാനുണ്ടോ. ക്യൂബന്‍ വിപ്ലവം വിജയിപ്പിച്ചെടുത്ത ചെഗുവേര 1967 ഒക്ടോബര്‍ ഒന്‍പതിന് ബൊളിവിയയിലെ ല-ഹിഗ്വേരയില്‍ (ഘമ ഒശഴൗലൃമ) വച്ച് രക്തസാക്ഷിയായി. ഭരണകൂടങ്ങളുടെ ചാരനേത്രങ്ങള്‍ ഇത്രയൊന്നും വികസിക്കാത്ത കാലത്ത്.
സാമാന്യം ഭേദപ്പെട്ട സൈനിക സംവിധാനം ഉണ്ടായിരുന്നു തമിഴ് പുലികള്‍ക്ക്. അവര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നക്‌സലൈറ്റ് കാലഘട്ടത്തില്‍ യുവാക്കളായിരുന്നു അത്തരം വൈകാരിക ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നത്. ഇനി അതുമുണ്ടാവില്ല. അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന അനുഭൂതികളില്‍ കുടുങ്ങിക്കിടക്കുന്ന യുവത്വം, സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള ഒരു വിപ്ലവാശയത്തിലേക്കും സഞ്ചരിക്കാനുമിടയില്ല. അതവരുടെ കുറ്റവുമല്ല. പരമ്പരാഗത ശീലങ്ങള്‍ യുവത്വത്തിനു മടുത്തു കഴിഞ്ഞിരിക്കുന്നു. അവരെ നയിക്കാന്‍ പുതിയ ആശയവും പുതിയ നേതാവും വേണ്ടിവരും.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത് ചെഗുവേര രക്തസാക്ഷിയായ അതേ മാസത്തിലാണെന്ന് വെറുതെ ഓര്‍ക്കാം. മനസ്സിലും (ചിലപ്പോഴൊക്കെ ശരീരത്തിലും) ചെഗുവേരയുടെ മുഖം പച്ചകുത്തിവയ്ക്കുന്ന സി.പി.എം ഭരിക്കുന്ന കാലത്ത്, സി.പി.എം നേതാക്കള്‍ക്ക് എണസ്റ്റോ ചെഗുവേര സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനും എതിരേയുള്ള മാനവിക ആശയമാണ് എന്നും തോന്നുന്നില്ല. ക്രിമിനലിസത്തിന്റെയും മസില്‍പവറിന്റെയും ചിഹ്നമായി ചെഗുവേരയെയും അവര്‍ ചുരുക്കിക്കളഞ്ഞു. അതുകൊണ്ടാണ് കൊടി സുനിമാരിലൂടെ അവര്‍ ചെഗുവേരയെ പ്രക്ഷേപണം ചെയ്യാന്‍ ശ്രമിക്കുന്നത്. അളവറ്റ കൊലപാതകങ്ങള്‍ക്ക് സി.പി.എം നേതൃത്വം നല്‍കിയിട്ടുണ്ട്.
അഞ്ചുടി ഇസ്ഹാഖ് കൊലപാതകത്തില്‍ വരെ അത് എത്തിനില്‍ക്കുന്നു. ഓരോ രാഷ്ട്രീയ കൊലപാതകം കഴിയുമ്പോഴും ഇതോടെ അവസാനിച്ചു എന്ന് നമ്മള്‍ കരുതും. പക്ഷെ അവസാനിക്കുന്നില്ല. സി.പി.എം കൊന്നു തള്ളിയത് മൂലധന ശക്തിയുടെ ദല്ലാളന്മാരെയൊന്നുമല്ല. പാവപ്പെട്ട മനുഷ്യരെയാണ്. യാതൊരു തരത്തിലുമുള്ള വിപ്ലവ ആശയവും അത്തരം കൊലപാതകങ്ങള്‍ക്കു പിന്നിലില്ല. പാര്‍ട്ടിഗ്രാമങ്ങളില്‍ വലിയ ആയുധശേഖരങ്ങളുണ്ട്. ബോംബുണ്ടാക്കാനുള്ള സംവിധാനമുണ്ട്. കാലാകാലങ്ങളില്‍ അതു പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നുതള്ളിയത് സി.പി.എമ്മും ആര്‍.എസ്.എസുമാണ്. മാവോയിസ്റ്റുകളും നക്‌സലൈറ്റുകളുമല്ല.
കേരളത്തില്‍ മാവോയിസ്റ്റുകളെ കൊന്നു തള്ളുമ്പോള്‍ മുഖ്യധാരാ കമ്യൂണിസ്റ്റുകളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം ഏറ്റെടുക്കുന്നത് സി.പി.ഐ മാത്രമാണ് എന്നത് ഓര്‍ക്കാം. കാനം രാജേന്ദ്രന്റെയും ബിനോയ് വിശ്വത്തിന്റെയും പ്രതിഷേധങ്ങള്‍ ഒരാശ്വാസമാണ്. ഒരു കാലത്ത് വലതുപക്ഷ വ്യാമോഹങ്ങളില്‍ കുടുങ്ങിപ്പോയവരെന്ന് ആരോപിക്കപ്പെട്ട പ്രസ്ഥാനമാണ് സി.പി.ഐ. അവര്‍ക്കാണിപ്പോള്‍ അല്‍പമെങ്കിലും ഇടതുസ്വഭാവമുള്ളത്. സി.പി.എം ആകട്ടെ കൂടുതല്‍ കൂടുതല്‍ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുന്നു. ഒരുവേള കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ അല്ലാതാകുന്നു. ഉത്തരേന്ത്യയിലെ തീവ്രവലതുപക്ഷ സംസ്ഥാന സര്‍ക്കാരുകളുടെ പ്രയോഗരീതികളാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേതെന്ന് വാളയാര്‍ സംഭവവും മാവോയിസ്റ്റ് വേട്ടയും നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇന്ത്യയില്‍ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരില്‍ മോദി സര്‍ക്കാരിന് ഏറ്റവും പ്രിയങ്കരനായി പിണറായി വിജയന്‍ മാറുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഒരു സ്വഭാവവും പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭക്കില്ല. അതിനാല്‍ ഒരു മനുഷ്യാവകാശ മര്യാദകളും നമ്മള്‍ പ്രതീക്ഷിക്കേണ്ടതുമില്ല. പൂര്‍ണമായും നവമുതലാളിത്വത്തിനും കോര്‍പറേറ്റുകള്‍ക്കും ഈ പ്രസ്ഥാനം കീഴടങ്ങിക്കഴിഞ്ഞു. ഒരു സംസ്ഥാനത്തുപോലും മുഖ്യധാരാ ഇടതുപക്ഷത്തിന് ബദല്‍ സൃഷ്ടിക്കാന്‍ കഴിയേണ്ടതാണ്. അതിന് ശ്രമിക്കാതെ വലതുപക്ഷങ്ങളെ ലജ്ജിപ്പിക്കുന്ന തീവ്രവലതാകാന്‍ ഇടതുപക്ഷം ശ്രമിച്ചാലോ?
മാവോയിസ്റ്റ് വേട്ട പോലെ കുറ്റകരമാണ് കേരളത്തിലെ ബുദ്ധിജീവി സമൂഹത്തിന്റെ മൗനം. മാവോയിസ്റ്റ് ആശയങ്ങളോട് ഒരു തരത്തിലും യോജിപ്പില്ല. മാവോയിസത്തിന് ജനാധിപത്യ ലോകത്ത് ഒരു പ്രസക്തിയുമില്ല. പക്ഷെ മാവോയിസ്റ്റുകളെ കൊന്നുതള്ളുന്നത് വലിയ മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരേ പ്രതികരിക്കാന്‍ സാധ്യമാകാതെ വന്നാല്‍ നാളെ ആരെയും ഭരണകൂടത്തിന് വെടിവച്ച് കൊല്ലാം എന്ന അവസ്ഥ വരും. തീവ്രവാദം ആരോപിക്കപ്പെട്ട് എത്രയോ മുസ്‌ലിം ചെറുപ്പക്കാര്‍ വേട്ടയാടപ്പെടുന്നത് പൊതുസമൂഹത്തിന്റെ കുറ്റകരമായ നിശബ്ദത കൊണ്ടാണ്. പേടിപ്പെടുത്തുന്നത് ഈ നിശബ്ദതയാണ്. തൊണ്ണൂറ് വയസായ ഗ്രോ വാസു മാത്രം മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ ശബ്ദിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? പുന്നപ്ര-വയലാര്‍ സമരനായകനായ വി.എസ് അച്യുതാനന്ദന്‍ നിശബ്ദനാവുന്നത് ആരുടെ ദല്ലാളനായതു കൊണ്ടാണ്? നമ്മുടെ നിശബ്ദത ജനാധിപത്യ കേരളത്തിന്റെ അശ്ലീലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."